ബാംഗലൂരു: ക്രിസ് ഗെയിലിന്‍റെ മോശം ഫോമില്‍ ആശങ്ക‍യില്ലെന്ന് ബാംഗലൂരു റോയല്‍ ചലഞ്ചേര്‍സ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ആദ്യമത്സരത്തില്‍ ഹൈദരാബാദിനോട് ഒരു റണ്ണും, ഡെയര്‍‍ഡെവിള്‍സിനെതിരെ പൂജ്യവുമാണ് വെടിക്കെട്ട് വീരനായ ഗെയിലിന്‍റെ സമ്പാദ്യം. ഇതിനെ തുടര്‍ന്നാണ് ഗെയിലിന്‍റെ ഫോമിനെക്കുറിച്ച് കോഹ്ലിയോട് ചോദ്യം ഉയര്‍ന്നത്.

കഴിഞ്ഞ ട്വന്‍റി20 ലോകക്കപ്പില്‍ ഇംഗ്ലണ്ടിനെതിരെ 47 പന്തില്‍ സെഞ്ചറി നേടിയ ശേഷം ഗെയില്‍ ഇതുവരെ ടി20യില്‍ ഇരട്ട അക്കം കണ്ടിട്ടില്ല. 84 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നും 3200 റണ്‍സ് നേടിയ വ്യക്തിയാണ് ഗെയില്‍. ഇതില്‍ 2737 റണ്‍സും നേടിയത് റോയല്‍ ചലഞ്ചേര്‍സിന് വേണ്ടിയാണ് ഗെയില്‍ നേടിയത്. ഇതില്‍ അഞ്ച് സെഞ്ച്വറികളും ഉള്‍പ്പെടുന്നു. 2013 ല്‍ 66 പന്തില്‍ നിന്നും പൂനെയ്ക്കെതിരെ നേടിയ 175 റണ്‍സ് നോട്ട്ഔട്ട് ഐപിഎല്ലിലെ തന്നെ ഉയര്‍ന്ന സ്കോറാണ്.

എന്നാല്‍ ഇപ്പോഴുള്ള ഫോം ഇല്ലായ്മ ടീമിനെ ആശങ്കയിലാക്കുന്നുണ്ട്. എന്നാല്‍ ഗെയില്‍ ടൂര്‍ണമെന്‍റില്‍ ശക്തമായി തിരിച്ചുവരും എന്നാണ് ക്യാപ്റ്റന്‍ കോഹ്ലി പറയുന്നത്.