പാരീസ്: വര്‍ഷങ്ങള്‍ നീണ്ട വൈരം മറന്ന് ഫുട്ബോളിലെ എക്കാലത്തെയും മികച്ച രണ്ടു താരങ്ങളായ പെലെയും മറഡോണയും പരസ്പരം കൈകോര്‍ത്തു. പാരീസില്‍ നടന്ന പ്രദര്‍ശന ഫുട്ബോള്‍ മത്സരം കാണാനെത്തിയപ്പോഴാണ് പെലെയും മറഡോണയും വൈരം മറന്ന് കൈ കൊടുത്തത്. ഇരുവരും സൗഹൃദം പങ്കിട്ടുവെന്ന് മാത്രമല്ല പരസ്പരം പുകഴ്‌ത്തുകയും ചെയ്തുവെന്നത് ആരാധകരെ സന്തോഷിപ്പിച്ചു.
പെലെ ആരെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. അദ്ദേഹത്തെപ്പോലുള്ള ഐക്കണുകളാണ് നമുക്ക് വേണ്ടത്-മറഡോണ പറഞ്ഞു. ഈ കൂടിച്ചേരല്‍ നല്‍കുന്നത് സമാധാനത്തിന്റെ സന്ദേശമാണെന്നും അതാണ് ഏറ്റവും പ്രധാനമെന്നും മറഡോണയുടെ കൈ പിടിച്ചുകൊണ്ട് പെലെ പറഞ്ഞു. ഇത് സമാധാനത്തിന്റെ നിമിഷമാണെന്നും പെലെ പറഞ്ഞു. പെലെയുടെ വാക്കുകള്‍ കരഘോഷത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. അഞ്ച് പേരടങ്ങിയ ടീമുകള്‍ തമ്മിലായിരുന്നു പ്രദര്‍ശന ഫുട്ബോള്‍ മത്സരം. ബ്രസീലിന്റെ മുന്‍ ലോകകപ്പ് താരം ബെബറ്റോ, റിയോ ഫെര്‍ഡിനന്റ്, ദിദ, ഹെര്‍മന്‍ ക്രെസ്പോ ഫെര്‍ണാണ്ടോ ഹിയറോ, ഡേവിഡ് ട്രൈസഗെ ആഞ്ചലോ പെസൂറി തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്ത മത്സരം 8-8 സമനിലയില്‍ അവസാനിച്ചു.
മൂന്നു തവണ ലോകകപ്പ് നേടിയിട്ടുള്ള പെലെ ആണോ അര്‍ജന്റീനയ്ക്ക് ഒരു തവണ ലോക കിരീടം സമ്മാനിക്കുകുയും ഒരു തവണ ഫൈനലിലെത്തിക്കുകയും ചെയ്ത മറഡോണയാണോ കേമനെന്ന ചോദ്യം ഫുട്ബോള്‍ ആരാധകര്‍ക്കിടയില്‍ എപ്പോഴുമുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ താരത്തെ കണ്ടെത്താനായി 2000ല്‍ ഫിഫ നടത്തിയ ഓണ്‍ ലൈന്‍ വോട്ടെടുപ്പില്‍ മറഡോണ ഒന്നാം സ്ഥാനത്തെത്തി. എന്നാല്‍ പെലെയുടെ കളി കാണാത്ത ഓണ്‍ ലൈന്‍ ആരാധകരാണ് വോട്ടെടുപ്പില്‍ പങ്കാളികളായതെന്ന വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ഫിഫ മാഗസിന്‍ വായനക്കാര്‍ക്കായി വീണ്ടുമൊരു വോട്ടെടുപ്പ് നടത്തി. ഇതില്‍ പെലെ ആയിരുന്നു മുന്നിലെത്തിയത്. വിവാദം ഒഴിവാക്കാനായി ഫിഫ പിന്നീട് ഇരുവരെയും എക്കാലത്തെയും മികച്ച താരങ്ങളായി പ്രഖ്യാപിച്ചു.
എന്നാല്‍ ആരാധകരുടെ പിന്തുണ തനിക്കായിരുന്നുവെന്നും തന്റെ മുന്നില്‍ പെലെ തോറ്റെന്നും പ്രഖ്യാപിച്ച മറഡോണ അവാര്‍ഡ് ദാന ചടങ്ങ് ബഹിഷ്കരിച്ചു. ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസമായിരുന്ന ഗാരിഞ്ച ആരുമറിയാതെ മരിച്ചതിന് കാരണക്കാരന്‍പോലും പെലെ ആണെന്ന് മറഡോണ ആരോപിച്ചു. എന്നാല്‍ മറഡോണയ്ക്ക് ഭ്രാന്താണെന്നായിരുന്നു പെലെയുടെ മറുപടി.
