തൊടുപുഴ: ഒളിംപ്യന്‍ അനില്‍ഡ തോമസിന് പ്രണയസാഫല്യം. സഹപാഠിയും കായികതാരവുമായിരുന്ന ജിബിനുമായുള്ള വിവാഹം തൊടുപുഴയില്‍ നടന്നു. ആറു വര്‍ഷം നീണ്ട പ്രണയമാണ് വിവാഹത്തിലേക്കെത്തിയത്.

ഏഴാം ക്ലാസ് മുതല്‍ ഒന്നിച്ചുപഠിച്ച അനില്‍ഡ തോമസിനും ജിബിനും പ്രണയസാഫല്യം. കോതമംഗലം വടാട്ടുപാറ സ്വദേശിയായ അനില്‍ഡയും തൊടുപുഴ കൊടുവേലി സ്വദേശിയായ ജിബിനും തമ്മിലുള്ള വിവാഹം കൊടുവേലി ലിറ്റില്‍ ഫ്ലവര്‍ പള്ളിയിലാണ് നടന്നത്.

കോരുത്തോട് സികെഎം എച്ച്എസ്എസില്‍ കായികാധ്യാപകന്‍ തോമസ് മാഷിന്റെ ശിഷ്യരായി ഏഴാം ക്ലാസില്‍ പടിക്കുമ്പോഴാണ് ഇരുവരും കണ്ടുമുട്ടുന്നത്. പിന്നീട് കോതമംഗലം മാര്‍ ബേസിലില്‍ എട്ട് മുതല്‍ പന്ത്രണ്ട് വരെ. ഇതിനിടെ പ്രണയത്തിലായി.

ദേശീയ സ്കൂള്‍ മീറ്റില്‍ ജാവലിന്‍ ത്രോയില്‍ മെഡല്‍ നേടിയ ജിബിനിപ്പോള്‍ കരസേനയില്‍ ഉദ്യോഗസ്ഥനാണ്. കഴിഞ്ഞ റിയോ ഒളിംപിക്‌സില്‍ 4 x 400 മീറ്റര്‍ റിലേയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച താരമാണ് അനില്‍ഡ തോമസ്.