കാത്തിരിപ്പിനൊടുവില്‍ പാരിസ് ഒളിംപിക്‌സ് വേദിയാകുന്നു. 2024ലെ ഒളിംപിക്‌സിന് പാരിസ് വേദിയാകും. പാരിസിനൊപ്പം ഒളിംപിക്‌സ് വേദിക്ക് അവാകശമുന്നയിച്ച ലോസ് ഏയ്ഞ്ചലസിലാണ് 2028 ലെ ഒളിംപിക്‌സ്. അന്താരാഷ്ട ഒളിംപിക്‌സ് കമ്മിറ്റിയാണ് തീരുമാനം പ്രഖ്യാപിച്ചത്. ഇതാദ്യമായാണ് ഐഒസി രണ്ട് ഒളിന്പിക്‌സുകള്‍ക്കുള്ള വേദി ഒരേസമയം പ്രഖ്യാപിക്കുന്നത്.
2008ലും 2012ലും ഒളിംപിക്‌സിന് വേദിയാകാനുള്ള ശ്രമം പരാജയപ്പെട്ട പാരിസിനൊപ്പമായിരുന്നു ഇക്കുറി ഭാഗ്യം. 2024ലെ ഒളിംപിക്‌സ് വേദിയാകാന്‍ അരയും തലയും മുറുക്കി രംഗത്തുണ്ടായിരുന്ന ലോസ് ഏയ്ഞ്ചലസിന്റെ പിന്മാറ്റം പാരിസിന് തുണയായി. ഇവര്‍ക്കൊപ്പം മത്സര രംഗത്തുണ്ടായിരുന്ന ഹാംബര്‍ഗും റോമും ബുഡപെസ്റ്റും നേരത്തെ പിന്മാറിയിരുന്നു. അവസാന നിമിഷം പിന്മാറിയ ലോസ് ഏയെഞ്ചലസിനേയും അന്താരാഷ്ട ഒളിംപിക് കമ്മിറ്റി കൈവിട്ടില്ല. 2028ലെ ഒളിംപിക്‌സ് ലോസ് ഏയ്ഞ്ചലസിലല്‍ നടക്കും.
ഇരു നഗരങ്ങള്‍ക്കും ഇത് മൂന്നാം തവണയാണ് ഒളിംപിക്‌സിന് ആതിഥ്യമരുളാനുള്ള അവസരം ലഭിക്കുന്നത്. അതില്‍ പാരിസിന് അല്‍പം മധുരക്കൂടുതലുണ്ട്. 1924ല്‍ ഒളിംപിക്‌സിന് വേദിയായി 100 കൊല്ലം തികയുന്ന വേളയിലാണ് മറ്റൊരു കായിക മാമാങ്കത്തിന് ആതിഥ്യമരുളാനുള്ള അവസരം പാരിസിനെ തേടി എത്തുന്നത്. ഇരു നഗരങ്ങള്‍ക്കും വേദി നല്‍കാനുള്ള തീരുമാനത്തെ ആരും എതിര്‍ത്തില്ലെന്ന് അന്താരാഷ്ട്ര ഒളിന്പിക് കമ്മിറ്റിയുടെ പ്രസിഡന്റ് തോമസ് ബാക്ക് വ്യക്തമാക്കി.
