ചെന്നൈ: ഇന്ത്യാ-ഓസ്ട്രേലിയ ഏകദിന പരമ്പര വിരാട് കോലി-സ്റ്റീവ് സ്മിത്ത് പോരാട്ടമാകുമെന്ന് നേരത്തെ പ്രവചിക്കപ്പെട്ടതാണ്. അതുകൊണ്ടുതന്നെ പരമ്പരയില്‍ ഇരു ക്യാപ്റ്റന്‍മാരുടെയും പ്രകടനം ആരാധകര്‍ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ആദ്യ മത്സരത്തില്‍ ഇരുവര്‍ക്കും തിളങ്ങാനായില്ലെങ്കിലും വരും മത്സരങ്ങളില്‍ ആരാണ് മികച്ചവനെന്ന മത്സരം കാണാനാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ടെസ്റ്റില്‍ സ്മിത്തിന് ആണ് മുന്‍തൂക്കമെങ്കില്‍ ഏകദിനങ്ങളില്‍ കോലി തന്നെയാണ് ഒരുപടി മുന്നില്‍. 195 ഏകദിനങ്ങള്‍ കളിച്ച കോലിയ്ക്ക് 30 സെഞ്ചുറിയാണുള്ളത്. 99 ഏകദിനങ്ങളില്‍ നിന്ന് സ്മിത്തിന് 8 സെഞ്ചുറി മാത്രവും.
ഇതിനെക്കുറിച്ച് ചെന്നൈ ഏകദിനത്തിനുശേഷം ഒരു മാധ്യമപ്രവര്‍ത്തകന്‍ സ്മിത്തിനോട് ചോദിക്കുകയും ചെയ്തു. കോലിയുടെ പേരില്‍ 30 ഏകദിന സെഞ്ചുറി ഉണ്ടല്ലോ എന്നായിരുന്നു ചോദ്യം. ഇതിനുള്ള സ്മിത്തിന്റെ മറുപടിയാകട്ടെ ഇങ്ങനെയായിരുന്നു. ഇന്ത്യ ഞങ്ങളേക്കാള്‍ കൂടുതല്‍ ഏകദിനങ്ങള്‍ കളിക്കുന്ന ടീമാണ്. കോലി എത്ര മത്സരങ്ങള്‍ കളിച്ചു എന്ന് എനിക്കറിയില്ല, അദ്ദേഹം മികച്ച കളിക്കാരാനാണ്. വ്യക്തിഗത റെക്കോര്‍ഡുകള്‍ താന്‍ ലക്ഷ്യം വെയ്ക്കാറില്ലെന്നുകൂടി സ്മിത്ത് കൂട്ടിച്ചേര്‍ത്തു. ഞാനിവിടെ വന്നിരിക്കുന്നത് എന്തെങ്കിലും വ്യക്തിഗത നേട്ടം സ്വന്തമാക്കാനാല്ല, പരമ്പര സ്വന്തമാക്കാനാണ്. ഇന്ത്യന്‍ ടീമിന്റെ ആദ്യ ഏഴ് ബാറ്റ്സ്മാന്‍മാര്‍ മികവുറ്രവരാണ്. അവരെ പെട്ടെന്ന് പുറത്താക്കിയാലെ പരമ്പരയില്‍ തങ്ങള്‍ക്ക് സാധ്യതയുള്ളൂവെന്നും സ്മിത്ത് പറഞ്ഞു.
പരമ്പരയ്ക്ക് മുമ്പ് വ്യക്തിഗത റെക്കോര്‍ഡുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ കോലിയും സമാനമായ മറുപടിയായിരുന്നു നല്‍കിയത്. വ്യക്തിഗത റെക്കോര്‍ഡുകളേക്കാള്‍ ടീമിന്റെ ജയമാണ് പ്രധാനമെന്നും സെഞ്ചുറികള്‍ക്കായി കളിക്കാറില്ലെന്നുമായിരുന്നു കോലിയുടെ പ്രതികരണം. താന്‍ 98ലോ 99ലോ നില്‍ക്കുന്നുവെന്നതല്ല ടീമിന്റെ ജയമാണ് പ്രധാനമെന്നും കോലി വ്യക്തമാക്കിയിരുന്നു.
