ഇംഗ്ലണ്ട് പര്യടനത്തില്‍ എം എസ് ധോണിയുടെ ബാറ്റിംഗ് ഫോം ആശങ്കപ്പെടുത്തിയിരുന്നതായി മുഖ്യ സെലക്‌ടര്‍ എം എസ് കെ പ്രസാദ്.

മുംബൈ: കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ട് പര്യടനത്തിനിടയില്‍ എം എസ് ധോണിയുടെ ബാറ്റിംഗ് ഫോം ആശങ്കപ്പെടുത്തിയിരുന്നതായി മുഖ്യ സെലക്‌ടര്‍ എം എസ് കെ പ്രസാദ്. ലോര്‍‌ഡ്‌സ് ഏകദിനത്തിലെ ധോണിയുടെ മെല്ലപ്പോക്ക് അന്ന് വലിയ വിമര്‍ശനം നേരിട്ടിരുന്നു. വെടിക്കെട്ട് ബാറ്റിംഗിനു പേരുകേട്ട എക്കാലത്തെയും മികച്ച ഫിനിഷറെ ലോര്‍ഡ്‌സിലെ കാണികള്‍ കൂവിയാണ് എതിരേറ്റത്. 

ടീമില്‍ രണ്ട് മേഖലകളിലാണ് ധോണിയുടെ സ്ഥാനം. വിക്കറ്റ് കീപ്പിംഗിലും ബാറ്റിംഗിലും. വിക്കറ്റ് കീപ്പിംഗിലെ ധോണിയുടെ ഫോമില്‍ ആര്‍ക്കം സംശയമില്ല. ധോണിയുടെ ബാറ്റിംഗ് ഫോം ചെറുതായി ഭയപ്പെടുത്തിയിരുന്നു. എന്നാല്‍ കൂടുതല്‍ മത്സരങ്ങള്‍ കളിച്ചാല്‍ ഫോം വീണ്ടെടുക്കുമെന്ന് തങ്ങള്‍ക്കറിയാമായിരുന്നു. കരിയറില്‍ ഉയര്‍ച- താഴ്‌ചകള്‍ സ്വാഭാവികമാണെന്നും എം എസ് കെ പ്രസാദ് പറഞ്ഞു. 

ധോണിയില്‍ നിന്ന് വമ്പന്‍ പ്രകടനങ്ങളാണ് എപ്പോഴും പ്രതീക്ഷിക്കുന്നത്. കരിയറിന്‍റെ ഈ ഘട്ടത്തിലും അതേ പ്രതീക്ഷയാണ് എല്ലാവരും വെച്ചുപുലര്‍ത്തുന്നത്. വിരാട് കോലി പറഞ്ഞ പോലെ, വലിയ പ്രതീക്ഷകളാണ് ധോണിയിലുള്ളത്. യുവതാരമായിരുന്നപ്പോള്‍ വെടിക്കെട്ട് ബാറ്റിംഗ് കാഴ്‌ചവെച്ചത് മുതല്‍ ഇപ്പോഴത്തെ മഹിയെ വരെ തങ്ങള്‍ക്കറിയാം. എന്നാല്‍ അയാളുടെ ആയുധങ്ങള്‍ നശിച്ചതായി ചിലര്‍ കരുതുന്നതായും മുഖ്യ സെലക്‌ടര്‍ പറഞ്ഞു.