മുംബൈ: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ റൈസിങ് പൂനെ സൂപ്പര്‍ജയന്റ്‌സ് ക്യാപ്റ്റനായ മഹേന്ദ്ര സിങ് ധോണിയുടെ ഇന്നിംഗ്സിനെ കളിയാക്കി ഹര്‍ഷ ഭോഗ്‌ലെയുടെ ട്വീറ്റ്. 180 റണ്‍സിന് മുകളിലുള്ള ലക്ഷ്യം പിന്തുടരുമ്പോള്‍ 38 പന്തില്‍ 41 റണ്‍സെടുത്താല്‍ ടീമിനെ ജയത്തിലേക്കെത്തിക്കാന്‍ കഴിയില്ല. ചില ദിവസങ്ങളില്‍ അത് സാധ്യമാകും, എന്നാല്‍ മിക്കപ്പോഴും അങ്ങനെയൊരവസ്ഥയില്‍ നിന്ന് ജയം സാധ്യമാകില്ല ഇതായിരുന്നു ധോണിയുടെ ഇന്നിംഗ്സിനെക്കുറിച്ചുള്ള ഭോഗ്‌ലെയുടെ ട്വീറ്റ്. ഐപിഎല്‍ കമന്ററി പാനലില്‍ നിന്ന് ഭോഗ്‌ലെയെ ഒഴിവാക്കിയത് ഇന്ത്യന്‍ ടീമിലെ സീനിയര്‍ താരങ്ങളുടെ സമ്മര്‍ദ്ദംമൂലമാണെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ഭോഗ്‌ലെയുടെ ട്വീറ്റെന്നത് ശ്രദ്ധേയമാണ്.
ടി20 ലോകകപ്പില്‍ ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തില്‍ ഭോഗ്‌ലെ ബംഗ്ലാ താരങ്ങളെ പുകഴ്ത്തിയതിനെതിരേ അമിതാഭ് ബച്ചന്‍ ട്വീറ്റ് ചെയ്തിരുന്നു. ഇത് ധോണി റീ ട്വീറ്റ് ചെയ്തു. എതിര്‍ ടീം താരങ്ങളെക്കുറിച്ച് പറയാതെ സ്വന്തം രാജ്യത്തെ താരങ്ങളെക്കുറിച്ച് സംസാരിക്കാന്‍ കൂടുതല്‍ ചെലവഴിക്കണമെന്നായിരുന്നു ബച്ചന്റെ ട്വീറ്റ്. ബംഗ്ലാദേശി കളിക്കാരെ പുകഴ്ത്തിയുള്ള ഭോഗ്‌ലെയുടെ സംസാരം ധോണിക്കും അത്ര രസിച്ചില്ലെന്ന് ഇതോടെ വ്യക്തമായി. പിന്നീട് ഇവര്‍ക്കെല്ലാം മറുപടിയുമായി ഭോഗ്‌ലെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. ഒരു കമന്റേറ്ററുടെ ജോലി എന്താണെന്ന് വ്യക്തമായി തനിക്കറിയാമെന്നും എപ്പോഴും സ്വന്തം രാജ്യത്തിലെ താരങ്ങളെ പുകഴ്ത്തുകയല്ല തങ്ങളുടെ ദൗത്യമെന്നുമായിരുന്നു ഭോഗ്‌ലെയുടെ മറുപടി. ബിസിസിഐയിലെ ചില ഉന്നതരുടെ ഇഷ്ടക്കേടും ഭോഗ്‌ലെയുടെ പുറത്താകലിന് വഴിവെച്ചുവെന്ന് ആരോപണമുണ്ട്. എന്തായാലും ഈ വിവാദങ്ങള്‍ക്ക് ശേഷമാണ് ഐപിഎല്‍ കമന്ററി പാനലില്‍ ഭോഗ്‌ലെയെ ഉള്‍പ്പെടുത്തേണ്ടെന്ന നിലപാട് ബിസിസിഐ കൈക്കൊണ്ടത്.
