ദില്ലി: ഇന്ത്യയുടെ പ്രമുഖ ടെന്നീസ് താരമായ ലിയാന്‍ഡര്‍ പേസ് തുടര്‍ച്ചയായ ഏഴാമത് ഒളിംപിക്‌സിലും മല്‍സരിക്കും. ഓഗസ്റ്റില്‍ നടക്കുന്ന റിയോ ഒളിംപിക‌്‌സിനുള്ള ഇന്ത്യയുടെ ടെന്നീസ് ടീമിനെ ഇന്ന് പ്രഖ്യാപിച്ചു. പുരുഷ ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണയ്ക്കൊപ്പമാണ് ലിയാന്‍ഡര്‍ പേസ് മല്‍സരിക്കുക. പേസിനെ ഒഴിവാക്കണമെന്ന് ബൊപ്പണ്ണ ആവശ്യപ്പെട്ടിട്ടില്ലെന്ന് അഖിലേന്ത്യാ ടെന്നീസ് ഫെഡറേഷന്‍ അറിയിച്ചു. ഇരു താരങ്ങളും തമ്മില്‍ എന്തെങ്കിലും തര്‍ക്കങ്ങളുണ്ടെങ്കില്‍ അത് പരസ്‌പരം പറഞ്ഞു പരിഹരിക്കണമെന്ന് നിര്‍ദ്ദേശിച്ചതായും ദില്ലിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ എ ഐ ടി എ വക്താവ് അറിയിച്ചു. മിക്‌സഡ് ഡബിള്‍സില്‍ സാനിയ മിര്‍സയ്ക്കൊപ്പം രോഹന്‍ ബൊപ്പണ്ണയാകും കളത്തില്‍ ഇറങ്ങുക. വനിതാ ഡബിള്‍സില്‍ സാനിയ - പ്രാര്‍ത്ഥന തൊംബാര്‍ സഖ്യമാണ് ഇന്ത്യയ്‌ക്കു വേണ്ടി മല്‍സരിക്കുന്നത്.

2012-ലെ ലണ്ടന്‍ ഒളിംപിക്‌സില്‍, പേസിനൊപ്പം കളിക്കാന്‍ ആദ്യം സാനിയ വിസമ്മതിച്ചിരുന്നു. പിന്നീട് ഇന്ത്യന്‍ ടെന്നീസ് ഫെഡറേഷന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സാനിയ-പേസ് സഖ്യം മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയ്‌ക്കായി മല്‍സരിച്ചത്.