കഴിഞ്ഞ വര്‍ഷമാണ് പാക് ക്രിക്കറ്റ് ടീം കോച്ചായിരുന്ന മിക്കി ആതര്‍, പാക് യുവതാരം ബാബര്‍ അസമിനെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുമായി താരതമ്യം ചെയ്തത്. ഇരുപത്തിമൂന്നാം വയസില്‍ കോലി പുറത്തെടുത്തതിന് സമാനമായ പ്രകടനമാണ് ബാബര്‍ അസമില്‍നിന്ന് ഉണ്ടാകുന്നതെന്ന് മിക്കി ആതര്‍ പറഞ്ഞത്. എന്നാല്‍ കോലിയുമായി തന്നെ ഒരിക്കലും താരതമ്യപ്പെടുത്താനാകില്ലെന്ന പ്രസ്താവനയുമായി ബാബര്‍ അസം രംഗത്തെത്തി. ഇന്ന് ലോകത്തെ നമ്പര്‍ വണ്‍ ബാറ്റ്‌സ്‌മാനാണ് കോലിയെന്നും അദ്ദേഹവുമായി ഒരു താരതമ്യം സ്വപ്‌നത്തില്‍പ്പോലും ഇല്ലെന്ന് അസം ഇഎസ്‌പിഎന്‍ ക്രിക്കിന്‍ഫോയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. കോലിയെയും ഹാഷിം ആംലയെയുംപോലെ കളിക്കാനാണ് തനിക്ക് ആഗ്രഹമെന്ന് അസം പറയുന്നു. തുടക്കകാലത്ത് എബി ഡിവില്ലിയേഴ്സിനെ അനുകരിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍, കോലിയുടെയും ആംലയുടെയും കളി പിന്തുടരാനാണ് താന്‍ ഇഷ്‌ടപ്പെടുന്നതെന്നും ബാബര്‍ അസം പറയുന്നു. ഈ വര്‍ഷം ആദ്യം നടന്ന ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്ഥാനെ സഹായിച്ചത് ബാബര്‍ അസമിന്റെ ഇന്നിംഗ്സാണ്. അന്ന് തകര്‍ച്ചയെ അഭിമുഖീകരിച്ചപ്പോള്‍ ബാബര്‍ അസം നേടിയ 46 റണ്‍സ് പാകിസ്ഥാന്റെ വിജയത്തില്‍ നിര്‍ണായകമായി.