അബുദാബി: പാക്കിസ്ഥാനെതിരായ മൂന്നാമത്തേയും അവസാനത്തേയും ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് വിജയസാധ്യത. 280 റണ്‍സിന്റെ വിജയലക്ഷ്യമാണ് ന്യൂസിലന്‍ഡ് ആതിഥേയര്‍ക്ക് മുന്നില്‍ വച്ചത്. തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച പാക്കിസ്താന്‍ അഞ്ചാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ 5ന് 55 എന്ന നിലയില്‍ തോല്‍വിയെ അഭിമുഖീകരിച്ചുക്കൊണ്ടിരിക്കുകയാണ്. രണ്ട് സെഷന്‍ ബാക്കി നില്‍ക്കെ വിജയിക്കണമെങ്കില്‍ പാക്കിസ്ഥാന് 225 റണ്‍സ് കൂടെ വേണം. രണ്ടാം ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡ് ഏഴിന് 353 എന്ന നിലയില്‍ നില്‍ക്കെ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. സ്‌കോര്‍ ന്യൂസിലന്‍ഡ് 274 & 353/7ഡി. പാക്കിസ്ഥാന്‍ 348 & 55/5 (ലഞ്ച്). 

ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (139), ഹെന്റി നിക്കോള്‍സ് (പുറത്താവാതെ 126) എന്നിവരുടെ പ്രകടനാണ് കിവീസിന് ലീഡ് സമ്മാനിച്ചത്. 13 ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു വില്യംസണിന്റെ ഇന്നിങ്‌സ്. 12 ഫോര്‍ ഉള്‍പ്പെടെയാണ് നിക്കോള്‍സ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. പാക്കിസ്ഥാന് വേണ്ടി യാസിര്‍ ഷാ നാല് വിക്കറ്റെടുത്തു. ഷഹീന്‍ ഷാ അഫ്രീദിക്ക് രണ്ട് വിക്കറ്റുണ്ട്. 

മറുപടി ബാറ്റിങ് ആരംഭിച്ച പാക്കിസ്ഥാന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണുക്കൊണ്ടിരുന്നു. സ്‌കോര്‍ 19ല്‍ നില്‍ക്കെ ടെസ്റ്റില്‍ അവസാന ഇന്നിങ്‌സ് കളിക്കുന്ന മുഹമ്മദ് ഫഫീസ് (8) മടങ്ങി. പിന്നാലെ എട്ട് റണ്‍സുമായി ഹഫീസ് അലിയും. ഹാരിസ് സൊഹൈല്‍ (9), ആസാദ് ഷെഫീഖ് (0) എന്നിവര്‍ക്കും പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. ഇമാം ഉള്‍ ഹഖ് 22 റണ്‍സെടുത്ത് പുറത്തായി. ബാബര്‍ അസം (4), സര്‍ഫറാസ്  അഹമ്മദ് എന്നിവരാണ് ക്രീസില്‍. കിവീസിനായി സോമര്‍വില്ലെ രണ്ടും അജാസ് പട്ടേല്‍, ഗ്രാന്‍ഡ് ഹോം, ടിം സൗത്തി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.