കറാച്ചി: ക്രിക്കറ്റ് പിച്ചില്‍ വീണ്ടും ദുരന്തം. പാക്ക് ബാറ്റ്‌സ്മാന്‍ സുബൈര്‍ അഹമ്മദാണ് ബൗണ്‍സര്‍ തലയിലേറ്റ് മരിച്ചത്. പാക്കിസ്ഥാന്‍റെ സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 14 നു നടന്ന ക്ലബ് ക്രിക്കറ്റ് മത്സരത്തിനിടെയാണ് ക്രിക്കറ്റിനെ വീണ്ടും സുരക്ഷാ ആശങ്കയിലാഴ്ത്തി താരം ബൗണ്‍സര്‍ ഏറ്റു പിടഞ്ഞു വീണത്.

അതേദിവസം തന്നെ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ തലയിലും ബൗണ്‍സര്‍ ഏറ്റിരുന്നുവെങ്കിലും സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. സുബൈര്‍ അഹമ്മദിന്റെ മരണം പാക്ക് ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പുറത്തുവിട്ടത്. സുബൈറിന്റെ മരണം ക്രിക്കറ്റിന്റെ സുരക്ഷിതത്വം വീണ്ടും ഓര്‍മ്മപ്പെടുത്തുകയാണ്. ക്രിക്കറ്റ് കളത്തില്‍ എല്ലായ്‌പ്പോഴും ഹെല്‍മറ്റ് വേണമെന്നും പാക്ക് ക്രിക്കറ്റ് ബോര്‍ഡ് ഓര്‍മ്മപ്പെടുത്തിക്കൊണ്ട് സുബൈറിനും കുടുംബത്തിനും അനുശോചനം അറിയിക്കുകയും ചെയ്തിട്ടുണ്ട്. 

2014 നവംബര്‍ 25 നു ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഫില്‍ ഹ്യൂസ് ക്രിക്കറ്റ് കളത്തില്‍ ബൗണ്‍സറേറ്റ് തലയ്ക്കു ഗുരുതരമായി പരിക്കേറ്റ് മരിച്ചതോടെയാണ് ക്രിക്കറ്റ് കളത്തിലെ സുരക്ഷ ചര്‍ച്ച ആയത്. സിഡ്‌നി ക്രിക്കറ്റ് പിച്ചിലായിരുന്നു ആ ദുരന്തം. സുബൈറിന്റെ മരണത്തില്‍ ട്വിറ്ററില്‍ വന്‍ പ്രതികരണമാണ് ഉയരുന്നത്.