അബുദാബ്: ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ പാകിസ്ഥാന് 21 റൺസിന്റെ നാണംകെട്ട തോൽവി. വിജയലക്ഷ്യമായ 136 റൺസ് പിന്തുടര്‍ന്ന പാകിസ്ഥാന്‍ 114 റൺസിന് പുറത്തായി. ഇതോടെ രണ്ടു മല്‍സരങ്ങള്‍ ഉള്‍പ്പെട്ട പരമ്പരയില്‍ ശ്രീലങ്ക 1-0ന് മുന്നിലെത്തി. ആറു വിക്കറ്റെടുത്ത രങ്കണ ഹെരാത്ത് ആണ് പാകിസ്ഥാനെ തകര്‍ത്തത്. ടെസ്റ്റിൽ 400 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇടംകൈയന്‍ ബൗളര്‍ എന്ന നേട്ടവും ഹെരാത്ത് സ്വന്തമാക്കി. അബുദാബിയിൽ ആദ്യമായാണ് പാകിസ്ഥാന്‍ തോൽക്കുന്നത്. ആദ്യ ഇന്നിംഗ്സില്‍ അഞ്ചും രണ്ടാം ഇന്നിംഗ്സില്‍ ആറും ഉള്‍പ്പടെ മല്‍സരത്തില്‍ 11 വിക്കറ്റ് വീഴ്ത്തിയ രങ്കണ ഹെരാത്ത് ആണ് മാന്‍ ഓഫ് ദ മാച്ച്.

സ്‌കോര്‍- ശ്രീലങ്ക- 419 & 138, പാകിസ്ഥാന്‍ - 422 & 114ന് പുറത്ത്

പരമ്പരയിലെ രണ്ടാമത്തെ മല്‍സരം ഒക്‌ടോബര്‍ ആറു മുതല്‍ പത്ത് വരെ ദുബായില്‍ നടക്കും. ഡേ നൈറ്റായാണ് ഈ മല്‍സരം നടക്കുക. രണ്ടു ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും മൂന്നു ടി20യും ഉള്‍പ്പെട്ടതാണ് പാകിസ്ഥാന്‍-ശ്രീലങ്ക ക്രിക്കറ്റ് പോരാട്ടം.