മുംബൈ: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്രബന്ധം വഷളായിട്ട് കുറച്ച് നാളുകളായി. എങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ചരിത്രത്തിലെ വീറുംവാശിയുമേറിയ ക്രിക്കറ്റ് പോരാട്ടമെന്നാണ് ഇന്ത്യ-പാക്ക് മത്സരത്തിനുള്ള വിശേഷണം. അതിര്‍ത്തിയിലെ പാക്കിസ്താന്‍റെ പ്രകോപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങള്‍ക്കിടയിലുള്ള മത്സരത്തിനുള്ള സാധ്യത വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് തള്ളിയിരുന്നു.

എന്നാല്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന് പാക്കിസ്ഥാന്‍ പൗരത്വം വാഗ്ദാനം ചെയ്തിരുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മുന്‍ ഇന്ത്യന്‍ ടെസ്റ്റ് താരം മുഷ്താഖ് അലിക്ക് പാക്കിസ്ഥാന്‍ പൗരനാകാന്‍ രണ്ട് തവണ ഓഫര്‍ ലഭിച്ചിരുന്നതായി മകന്‍ ഗുല്‍റേസ് അലി ദേശീയമാധ്യമത്തോട് വെളിപ്പെടുത്തി. 1934-മുതല്‍ 1952 വരെ ടെസ്റ്റ് കളിച്ച മുഷ്താഖ് അലിയാണ് വിദേശ മണ്ണില്‍ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യന്‍ ബാറ്റ്സ്മാന്‍. 

വിഭജനാന്തരം ആദ്യമായി 1948ലാണ് മുഷ്താഖ് അലിക്ക് പാക്കിസ്ഥാന്‍ പൗരത്യം വാഗ്ദാനം ചെയ്തത്. 70കളില്‍ രണ്ടാം തവണയും പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായ സുള്‍ഫിക്കര്‍ അലി ഭൂട്ടോ പൗരത്വം നല്‍കാമെന്ന് ഉറപ്പ് നല്‍കിയതായി ഗുല്‍റേസ് അലി വെളിപ്പെടുത്തി. എന്നാല്‍ രണ്ട് തവണയും മുഷ്താഖ് അലി വാഗ്ദാനം നിരസിക്കുകയായിരുന്നു. എനിക്ക് എല്ലാ സൗകര്യങ്ങളും തരുന്ന ഇന്ത്യയില്‍ എക്കാലവും ജീവിക്കും എന്നായിരുന്നു സുള്‍ഫിക്കര്‍ അലിയോട് മുഷ്താഖ് അലിയുടെ മറുപടി.