മൊഹാലി: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥിവ് പട്ടേലിനെ ഉള്‍പ്പെടുത്തി. പരിക്കേറ്റ വൃദ്ധിമാന്‍ സാഹയ്ക്ക് പകരമാണിത്. വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റിനിടെയാണ് സാഹയുടെ ഇടത് തുടയ്ക്ക് പരിക്കേറ്റത്. പരിക്ക് കൂടുതല്‍ വഷളാവാതിരിക്കാന്‍ മുന്‍കരുതലെന്ന നിലയ്ക്കാണ് മൂന്നാം ടെസ്റ്റില്‍ നിന്ന് സാഹയെ മാറ്റി നിര്‍ത്തുന്നതെന്ന് ടീം മാനേജ്മെന്റ് അറിയിച്ചു.

പാര്‍ഥിവ് പട്ടേല്‍ എട്ടുവര്‍ഷത്തിനുശേഷമാണ് ടെസ്റ്റ് ടീമില്‍ കളിക്കുന്നത്. 2008ല്‍ ശ്രീലങ്കയ്ക്കെതിരെ ആയിരുന്നു പാര്‍ഥിവ് അവസാനമായി ഇന്ത്യയ്ക്ക് ടെസ്റ്റ് കളിച്ചത്. നാലു വര്‍ഷത്തിനുശേഷമാണ് പാര്‍ഥിവ് ആദ്യ രാജ്യാന്തര മത്സരം കളിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. 2012ല്‍ ഓസ്ട്രേലിയക്കെതിരായ ഏകദിനമായിരുന്നു പാര്‍ഥിവിന്റെ അവസാന രാജ്യാന്തര മത്സരം.

പതിനേഴാം വയസില്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റില്‍ അരങ്ങേറിയ പാര്‍ഥിവ് 20 ടെസ്റ്റില്‍ 29.69 റണ്‍ ശരാശരിയില്‍ 683 റണ്‍സ് നേടിയിട്ടുണ്ട്. രഞ്ജി ട്രോഫിയില്‍ സമീപകാലത്ത് ഗുജറാത്തിനായി നടത്തിയ മികച്ച പ്രകടനമാണ് പാര്‍ഥിവ് പുറത്തെടുത്തിരുന്നത്. രഞ്ജിയിലെ അവസാന ആറ് ഇന്നിംഗ്സുകളില്‍ 61, 53, 60, 21, 49, 139* എന്നിങ്ങനെയായിരുന്നു പാര്‍ഥിവിന്റെ സ്കോര്‍.