കാണ്‍പൂര്‍: ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി-20 മത്സരത്തില്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച പര്‍വേസ് റസൂലിനെതിരെ വിമര്‍ശനം. ദേശീയ ഗാനമാലപിക്കുമ്പോള്‍ ആദരവ് പ്രകടിപ്പിക്കാതെ റസൂല്‍ ച്യൂയിംഗ് ഗം ചവച്ചു നിന്നതാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനത്തിന് വഴിവെച്ചത്. ദേശീയ ഗാനത്തോടുള്ള അനാദരവാണിതെന്നാണ് വിമര്‍ശകരുടെ വാദം.

കശ്മീര്‍ സ്വദേശി കൂടിയായ റസൂല്‍ രണ്ടരവര്‍ഷത്തിനുശേഷമാണ് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയത്. 2014ല്‍ ബംഗ്ലാദേശിനെതിരായ ഏകദിനത്തിലായിരുന്നു റസൂല്‍ അവസാനമായി ഇന്ത്യക്ക് കളിച്ചത്. തിരിച്ചുവരവിലെ ആദ്യ മത്സരം തന്നെ റസൂലിനെ വിവാദക്കുരുക്കിലാക്കിയിരിക്കുകയാണിപ്പോള്‍. മത്സരത്തില്‍ ബാറ്റിംഗിനിറങ്ങിയപ്പോള്‍ അഞ്ചു റണ്‍സെടുത്ത റസൂല്‍ ബൗളിംഗില്‍ 32 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തിരുന്നു.

വിമര്‍ശനങ്ങളോട് താരം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നേരത്തെ ഇന്ത്യന്‍ ടീം അംഗമായ മുഹമ്മദ് ഷാമിയുടെ പത്നി ധരിച്ച വസ്ത്രത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.