ഓസ്ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പര തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഇരു ടീമുകളും തമ്മിലുള്ള വാക് പോരിനും തുടക്കമായി. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കെതിരെ വെടിപൊട്ടിച്ചാണ് ഓസീസ് പേസര്‍ പാറ്റ് കമിന്‍സ് രംഗത്തെത്തിയത്.
മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പര തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഇരു ടീമുകളും തമ്മിലുള്ള വാക് പോരിനും തുടക്കമായി. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കെതിരെ വെടിപൊട്ടിച്ചാണ് ഓസീസ് പേസര്‍ പാറ്റ് കമിന്‍സ് രംഗത്തെത്തിയത്.
ഓസ്ട്രേലിയയിലേക്ക് തിരിക്കും മുമ്പ് ഏറ്റുമുട്ടലിന് ഇല്ലെന്ന് കോലി ഇന്ത്യന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഗ്രൗണ്ടില്‍ കോലി മിണ്ടാതിരുന്നാല്‍ അതായിരിക്കും വലിയ അത്ഭുതമെന്ന് പാറ്റ് കമിന്‍സ് പറഞ്ഞു. ഇവിടേക്ക് വരുന്നതിന് മുമ്പ് ഓസീസ് താരങ്ങളുമായി ഏറ്റുമുട്ടലിന് ഇല്ലെന്ന് കോലി ഇന്ത്യന്‍ മാധ്യമങ്ങളോട് പറഞ്ഞതായി വായിച്ചിരുന്നു. എന്നാല്‍ കോലി അങ്ങനെ ചെയ്യാതിരുന്നാല്‍ അത് ഏറ്റവും വലിയ അത്ഭുതമായിരിക്കും-കമിന്‍സ് ഫെയര്‍ഫാക്സ് മീഡിയയോട് പറഞ്ഞു.
കോലി, കടുത്ത പോരാട്ടം നടത്താന്‍ ആഗ്രഹിക്കുന്ന കളിക്കാരനാണ്. അതില്‍ ആവേശംകൊള്ളുന്നയാളും. പക്ഷെ, ഞങ്ങള്‍ ഒരിക്കലും നിലമറന്ന് പെരുമാറില്ല. പക്ഷെ, കോലിയുടെ പോരാട്ടങ്ങള്‍ക്ക് അതേനാണയത്തില്‍ മറുപടി നല്‍കുകയും ചെയ്യും. ഇന്ത്യയുടെ മറ്റ് ബാറ്റ്സ്മാന്‍മാരെപ്പോലെ തന്നെയാണ് കോലിയെ കാണുന്നതെന്നും കമിന്‍സ് വ്യക്തമാക്കി.
രണ്ട് മാസം നീണ്ടു നില്‍ക്കുന്ന ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യ മൂൂന്ന് വീതം ട്വന്റി-20യും ഏകദിനവും നാല് ടെസ്റ്റും കളിക്കും.
