കോപ്പ അമേരിക്ക ഫുട്ബോളില്‍ പെറുവിന് വിജയം. ഹെയ്‌ത്തിക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് പെറു വിജയിച്ചത്. പെറുവിന് വേണ്ടി ജോസ് പൗളോ ഗെറീറോയാണ് ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ അറുപത്തിയൊന്നാം മിനിട്ടിലായിരുന്നു പൗളോ ഗെറിറോയുടെ വിജയഗോള്‍ പിറന്നത്. സമനില ഗോളിനായി ഹെയ്‌ത്തി പൊരുതിനോക്കി. കളിയുടെ അവസാന മിനിട്ടില്‍ ബെല്‍ഫോര്‍ട്ട് സുവര്‍ണാവസരം പാഴാക്കിയതോടെ ഹെയ്‌ത്തിയുടെ പ്രതീക്ഷകള്‍ അസ്‌തമിക്കുകയായിരുന്നു. ഈ വിജയത്തോടെ ഗ്രൂപ്പ് ബിയില്‍ മൂന്നു പോയിന്റുമായി പെറു ഒന്നാമതാണ്.

മറ്റൊരു മല്‍സരത്തില്‍ കോസ്റ്ററിക്ക - പരാഗ്വെ പോരാട്ടം സമനിലയില്‍ കലാശിച്ചു. മല്‍സരത്തില്‍ ഉടനീളം ഉശിരന്‍ കളി പുറത്തെടുത്തെങ്കിലും ഇരു ടീമിനും ഗോള്‍ നേടിനായില്ല.

ഫുട്ബോള്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രസീല്‍ ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. ശക്തരായ ഇക്വഡോറാണ് എതിരാളി.