ഹൊബാര്‍ട്ട്: സമീപകാലത്തൊന്നും നേരിട്ടിട്ടില്ലാത്ത നാണക്കേട് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ തേടിയെത്തി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയ ആദ്യ ഇന്നിംഗ്സില്‍ വെറും 85 റണ്‍സിന് ഓള്‍ ഔട്ടായി. വെറും 32.5 ഓവറിനുള്ളില്‍ ഓസ്‌ട്രേലിയയുടെ ഇന്നിംഗ്സ് അവസാനിച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഓസ്‌ട്രേലിയ സ്വന്തം നാട്ടില്‍ നേടുന്ന ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. ഇതുകൂടാതെ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഓസീസ് നേടുന്ന ഏറ്റവും കുറഞ്ഞ മൂന്നാമത്തെ സ്‌കോറും ഇതാണ്. അഞ്ചു വിക്കറ്റെടുത്ത വെറോന്‍ ഫിലാന്‍ഡറും മൂന്നു വിക്കറ്റെടുത്ത കെയ്ല്‍ ആബോട്ടും ചേര്‍ന്നാണ് ഓസ്‌ട്രേലിയയെ തകര്‍ത്തത്. 10.1 ഓവര്‍ എറിഞ്ഞ ഫിലാന്‍ഡര്‍ 21 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് അഞ്ചു വിക്കറ്റെടുത്തത്.
ദക്ഷിണാഫ്രിക്കന്‍ പേസാക്രമണത്തിന് മുന്നില്‍ അല്‍പ്പമെങ്കിലും ചെറുത്തുനിന്നത് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്‌മിത്ത് മാത്രമാണ്. സ്‌മിത്ത് പുറത്താകാതെ 48 റണ്‍സെടുത്തു. സ്‌മിത്തിനെ കൂടാതെ പത്തു റണ്‍സെടുത്ത ജോ മെനി മാത്രമാണ് ഓസീസ് നിരയില്‍ രണ്ടക്കം കണ്ടത്. ഡേവിഡ് വാര്‍ണര്‍(ഒന്ന്), ജോ ബേണ്‍സ്(ഒന്ന്), ഉസ്‌മന്‍ ഖാവ്‌ജ(നാല്), ആദം വോഗ്‌സ്(പൂജ്യം), കല്ലം ഫെര്‍ഗൂസണ്‍(മൂന്ന്), പീറ്റര്‍ നെവില്‍(മൂന്ന്) തുടങ്ങിയ മുന്‍നിരക്കാരെല്ലാം അമ്പേ നിരാശപ്പെടുത്തി. രണ്ടു രണ്‍സെടുത്തപ്പോഴേക്കും ഓസീസിന് രണ്ടു ഓപ്പണര്‍മാരെയും നഷ്ടമായി. ആ തകര്‍ച്ചയില്‍നിന്ന് കരകയറാന്‍ അവര്‍ക്ക് സാധിച്ചതുമില്ല. 80 പന്തില്‍ അഞ്ചു ബൗണ്ടറി ഉള്‍പ്പടെ 48 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സ്‌മിത്തിന്റെ പോരാട്ടവീര്യംകൊണ്ടു മാത്രമാണ്, ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ടെസ്റ്റ് സ്‌കോര്‍ എന്ന നാണക്കേടില്‍നിന്ന് ഓസീസിനെ രക്ഷിച്ചത്.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കവും മോശമായിരുന്നു. ഒരു ഘട്ടത്തില്‍ മൂന്നിന് 46 എന്ന നിലയിലായിരുന്നു അവര്‍. ദക്ഷിണാഫ്രിക്കയുടെ ആദ്യ മൂന്നു വിക്കറ്റും മിച്ചല്‍ സ്റ്റാര്‍ക്ക് സ്വന്തമാക്കി. സ്റ്റീഫന്‍ കുക്ക് 23 റണ്‍സും ഡീന്‍ എല്‍ഗാര്‍ 17 റണ്‍സുമെടുത്ത് പുറത്തായി.
ആദ്യ ടെസ്റ്റില്‍ ജയിച്ച ദക്ഷിണാഫ്രിക്ക പരമ്പരയില്‍ 1-0ന് മുന്നിലാണ്.
