ലണ്ടന്‍: വിമാനാപകടത്തിൽപ്പെട്ട കാർഡിഫ‌് സിറ്റിയുടെ അര്‍ജന്റീനിയന്‍ ഫുട‌്ബോൾ താരം എമിലിയാനോ സല സഞ്ചരിച്ച ചെറുവ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇംഗ്ലീഷ് കടലിടുക്കിലാണ് സല സഞ്ചരിച്ച വിമാനത്തിന്റേതെന്ന് കരുതുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഏതാനും ദിവസം മുമ്പ് വിമാനത്തിന്റേത് എന്ന് കരുതുന്ന സീറ്റ് ഫ്രാന്‍സിലെ സര്‍ട്ടൈന്‍വില്ലെയിലുള്ള ബീച്ചില്‍ നിന്ന് കണ്ടെത്തിയിരുന്നു.

വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയ കാര്യം സലയുടെയും ചെറു വിമാനത്തിന്റെ പൈലറ്റായിരുന്ന ഡേവിഡ് ഇബോട്സണിന്റെയും കുടുംബാംഗങ്ങളെ അറിയിച്ചിച്ചുണ്ട്.
വിമാനവശിഷ്ടങ്ങള്‍ കണ്ടെത്തിയ വിവരം വിമാനത്തിനായി തെരച്ചില്‍ നടത്താനായി സലയുടെ കുടുംബം ഏര്‍പ്പാടാക്കിയ സ്വകാര്യ സംഘത്തിന്റെ തലവനും സമുദ്ര ഗവേഷേകനായ ഡേവിഡ് മേണ്‍സ് ട്വീറ്റ് ചെയ്തു. സല സഞ്ചരിച്ച വിമാനത്താനായുള്ള തെരച്ചില്‍ അധികൃതര്‍ നിര്‍ത്തിയതിനെത്തുടര്‍ന്നാണ് കുടുംബം സ്വകാര്യ ഏജന്‍സിയുടെ സഹായം തേടിയത്.

ജനുവരി 21-ാം തീയതി ഫ്രാന്‍സിലെ നാന്റെസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ അല്‍ഡേര്‍നി ദ്വീപുകള്‍ക്ക് സമീപമാണ് സല സഞ്ചരിച്ച ചെറുവിമാനം അപ്രത്യക്ഷമായത്. തന്റെ പഴയ ക്ലബ്ബ് വിട്ട് പുതിയ ക്ലബ്ബ് കാര്‍ഡിഫ് സിറ്റിയോടൊപ്പം ചേരാനുള്ള യാത്രയിലായിരുന്നു സല. ജനുവരി 21 തിങ്കളാഴ്ച്ച വൈകുന്നേരം 7.15-നാണ് പുറപ്പെട്ടത്. രാത്രി 8.30 വരെ വിമാനം റഡാറിന്റെ പരിധിയിലുണ്ടായിരുന്നു.

ഏകദേശം ഒരു മണിക്കൂറിനുള്ളില്‍ തന്നെ വിമാനം അപ്രത്യക്ഷമാകുകായിരുന്നു. സിംഗിള്‍ ടര്‍ബൈന്‍ എഞ്ചിനുള്ള 'പൈപ്പര്‍ പി.എ-46 മാലിബു' ചെറുവിമാനമാണ് കാണാതായത്. വിമാനം കാണാതായ ശേഷം സാലെ അയച്ച അവസാന വാട്സ്ആപ്പ് സന്ദേശത്തിന്റെ ഓഡിയോ പുറത്തുവന്നിരുന്നു.