പെരുമ്പാവൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അടുത്ത സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ മഹേന്ദ്രസിംഗ് ധോനിക്ക് കീഴില്‍ കളിക്കണമെന്ന ഐപിഎല്ലിന്‍റ യുവതാരം ബേസില്‍ തമ്പി. ചെന്നൈ സുപ്പര്‍കിംഗ്‌സിനോട് തനിക്ക് അസാധാരണമായ ഒരു താല്‍പ്പര്യം ഉണ്ടെന്നും ധോനിക്ക് കീഴില്‍ കളിക്കുന്നത് സ്വപ്നമാണെന്നും ബേസില്‍ പറഞ്ഞു. ഐപിഎല്‍ സീസണ് ശേഷം നാട്ടില്‍ തിരിച്ചെത്തിയിരിക്കുന്ന താരം ചെന്നൈയില്‍ നടക്കുന്ന ക്യാമ്പിലേക്ക് വണ്ടി കയറാന്‍ ഒരുങ്ങുകയാണ്. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു ബേസില്‍.

തകര്‍പ്പന്‍ ബൗളിംഗ് പുറത്തെടുത്ത് ഈ സീസണില്‍ ഗുജറാത്ത് ലയണ്‍സ് നിരയില്‍ തിളങ്ങുകയും മികച്ച വാഗ്ദാനമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തയാളാണ് ബേസില്‍. ഐപിഎല്‍ കൂടുതല്‍ മികച്ച അവസരം നല്‍കിയെന്നും കൂടുതല്‍ പഠിക്കാന്‍ കഴിഞ്ഞെന്നും ആത്മവിശ്വാസം കൂടിയെന്നും താരം പറഞ്ഞു. ഈ സീസണില്‍ 12 മത്സരങ്ങളില്‍ നിന്നായി താരം വീഴ്ത്തിയത് 11 വിക്കറ്റുകളായിരുന്നു. ഇതില്‍ പൂനെ സൂപ്പര്‍ ജയന്റിനെതിരേ മെയ് 1 ന് നടന്ന മത്സരത്തില്‍ വീഴ്ത്തിയ രണ്ടു വിക്കറ്റുകളില്‍ ഒന്ന് ആരാധനാപുരുഷന്‍ ധോനിയുടേതായിരുന്നു.