രാജ്യാന്തര ട്വന്റി-20യില്‍ മൂന്നുതവണ ഫൈനല്‍ ജയിക്കുന്ന ആദ്യ ടീമെന്ന ബഹുമതി ഇന്ത്യക്ക് സ്വന്തമായി.

കൊളംബോ: ദിനേശ് കാര്‍ത്തിക്കിന്റെ അവിശ്വസനീയ ഇന്നിംഗ്സിന്റെ കരുത്തില്‍ ബംഗ്ലാദേശിനെ കീഴടക്കി ഇന്ത്യ നിദാഹാസ് ട്രോഫി ജേതാക്കളായപ്പോള്‍ തിരുത്തിയെഴുതിയത് ഒരുപിടി റെക്കോര്‍ഡുകള്‍ കൂടിയാണ്. അവയില്‍ ചിലത്.

രാജ്യാന്തര ട്വന്റി-20യില്‍ മൂന്നുതവണ ഫൈനല്‍ ജയിക്കുന്ന ആദ്യ ടീമെന്ന ബഹുമതി ഇന്ത്യക്ക് സ്വന്തമായി. ഏറ്റവുമധികം ട്വന്റി-20 കിരീടങ്ങളുള്ള ടീമും ഇന്ത്യയാണ്.

ട്വന്റി-20യില്‍ അവസാന പന്തില്‍ അഞ്ചോ അതില്‍ കൂടുതലോ റണ്‍സ് വേണ്ടപ്പോള്‍ സിക്സറടിച്ച് കളി ജയിപ്പിക്കുന്ന ആദ്യ ബാറ്റ്സ്മാനായി ദിനേശ് കാര്‍ത്തിക്ക്.

അര്‍ധസെഞ്ചുറി നേടിയ രോഹിത് ശര്‍മ ട്വന്റി-20 ക്രിക്കറ്റിലെ റണ്‍നേട്ടം 7000 ആക്കി. രണ്ട് ട്വന്റി-20 ഫൈനലുകളില്‍ സെഞ്ചുറി നേടുന്ന നാലാമത്തെ ക്യാപ്റ്റനെന്ന ബഹുമതിയും രോഹിത്തിന് സ്വന്തമായി.

ടൂര്‍ണമെന്റില്‍ എട്ടു വിക്കറ്റുകള്‍ വീഴ്ത്തിയ വാഷിംഗ്ടണ്‍ സുന്ദര്‍ ഒരു ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബൗളറായി. മുമ്പ് ഏഴ് വിക്കറ്റുകള്‍ നേടിയിട്ടുള്ള ശ്രീലങ്കയുടെ അഖില ധനഞ്ജയയുടെ റെക്കോര്‍ഡാണ് സുന്ദര്‍ തകര്‍ത്തത്.

ബംഗ്ലാദേശിനെതിരെ അവസാനം കളിച്ച ഏട്ടു ട്വന്റി-20 മത്സരങ്ങളിലും ജയിക്കാനായി എന്നത് ഇന്ത്യയുടെ നേട്ടത്തിന്റെ തിളക്കം കൂട്ടുന്നു.

ഇതുവരെ 61 ട്വന്റി-20 മത്സരങ്ങള്‍ ജയിച്ച ഇന്ത്യ ഈ നേട്ടത്തില്‍ രണ്ടാമതാണ്. 74 മത്സരങ്ങള്‍ ജയിച്ചിട്ടുളള പാക്കിസ്ഥാനാണ് ഒന്നാമത്.

ഇന്ത്യ പിന്തുടര്‍ന്ന് ജയിച്ച 167 റണ്‍സ് ട്വന്റി-20 ഫൈനലില്‍ ഒരു ടീം പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണ്. 2016ലെ ട്വന്റി-20 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ വിന്‍ഡീസ് പിന്തുടര്‍ന്ന് ജയിച്ച 156 റണ്‍സായിരുന്നു ഫൈനലില്‍ ഇതുവരയെുള്ള ഉയര്‍ന്ന റണ്‍ചേസ്.

13 മത്സരങ്ങളില്‍ നിന്ന് ട്വന്റി-20യില്‍ 500 റണ്‍സ് പിന്നിട്ട കെ എല്‍ രാഹുല്‍ പുതിയ റെക്കോര്‍ഡിട്ടു.