ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ഫൈനലിലെത്തി ഇന്ത്യയുടെ അഭിമാനമായ മിതാലിപ്പടയുടെ സമ്മാനം. വനിതാ താരങ്ങളെല്ലാവരും ഒപ്പിട്ട ബാറ്റാണ് ഇന്ത്യയുടെ പെണ്‍പുലികള്‍ പ്രധാനമന്ത്രിക്ക് സമ്മാനമായി നല്‍കിയത്. ദില്ലിയില്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ഇന്ത്യന്‍ ടീം പ്രധാനമന്ത്രിക്ക് ബാറ്റ് സമ്മാനമായി നല്‍കിയത്.
ഫൈനലില്‍ തോറ്റെങ്കിലും 125 കോടി ഇന്ത്യക്കാരുടെയും അഭിമാനമുയര്‍ത്തിയ പ്രകടനമാണ് ഇന്ത്യന്‍ താരങ്ങള്‍ ലോകകപ്പില്‍ കാഴ്ചവെച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വനിതാ ലോകകപ്പില്‍ ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട് തുടങ്ങിയ കരുത്തരെ കീഴടക്കിയാണ് ഇന്ത്യ ഫൈനലിലെത്തിയത്.
ഫൈനലില്‍ ആതിഥേയരായ ഇംഗ്ലണ്ടിന് മുന്നില്‍ 9 റണ്‍സിനാണ് ഇന്ത്യ കീഴടങ്ങിയത്. അവസാന ഓവര്‍ വരെ വിജയപ്രതീക്ഷുണ്ടായിരുന്ന ഇന്ത്യക്ക് അപ്രതീക്ഷിത ബാറ്റിംഗ് തകര്‍ച്ചയാണ് തിരിച്ചടിയായത്.
