ആദ്യ രണ്ട് ടെസ്റ്റിലും പരാജയപ്പെട്ട മുരളി വിജയ്‍യും കെ എല്‍ രാഹുലും ടീമില്‍ നിന്ന് പുറത്തായതാണ് ടീമിലെ ഏറ്റവും വലിയ മാറ്റം. മുരളി വിജയ്‍ക്ക് പകരം മായങ്ക് അഗര്‍വാളാണ് ടീമിലെത്തിയത്
മെല്‍ബണ്‍: പരമ്പരയില്‍ മുന്നിലെത്തുക എന്ന ഒറ്റ ലക്ഷ്യവുമായി വിശ്വ വിഖ്യാതമായ മെല്‍ബണില്‍ ബോക്സിംഗ് ഡേ ടെസ്റ്റിന് ഇറങ്ങുന്ന ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. എല്ലാ വര്‍ഷവും ക്രിസ്തുമസ് ദിനത്തിന്‍റെ പിറ്റേന്നുള്ള ബോക്സിംഗ് ഡേ ടെസ്റ്റില്‍ എതിരാളികളെ തകര്‍ത്ത ചരിത്രമുള്ള ഓസീസിനെ അവരുടെ തട്ടകത്തില്‍ പരാജയപ്പെടുത്തുക എന്ന ലക്ഷ്യമാണ് കോലിക്കും സംഘത്തിനുമുള്ളത്.
അതിനായി അടിമുടി മാറ്റങ്ങളാണ് ഇന്ത്യന്‍ ടീമില്‍ വരുത്തിയിരിക്കുന്നത്. ആദ്യ രണ്ട് ടെസ്റ്റിലും പരാജയപ്പെട്ട മുരളി വിജയ്‍യും കെ എല്‍ രാഹുലും ടീമില്‍ നിന്ന് പുറത്തായതാണ് ടീമിലെ ഏറ്റവും വലിയ മാറ്റം. മുരളി വിജയ്‍ക്ക് പകരം മായങ്ക് അഗര്‍വാളാണ് ടീമിലെത്തിയത്.
രാഹുലിന് പകരം രോഹിത് ശര്‍മയും എത്തിയതോടെ ഓപ്പണിംഗ് വിക്കറ്റിലെ തകര്‍ച്ച ഒഴിവാക്കാന്‍ സാധിക്കുമെന്ന് പരിശീലകന്‍ രവി ശാസ്ത്രി കണക്കുക്കൂട്ടുന്നു. പെര്‍ത്തിലെ ബൗണ്‍സിംഗ് പിച്ചില്‍ നിന്ന് മെല്‍ബണിലേക്ക് എത്തുമ്പോള്‍ പേസര്‍ ഉമേഷ് യാദവിന് പകരം ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയേയും ടീമില്‍ ഉള്‍പ്പെടുത്തി.
മായങ്ക് അഗര്‍വാളിനൊപ്പം രോഹിത് ശര്‍മയോ ഹനുമ വിഹാരിയോ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. ചേതേശ്വര്‍ പൂജാര മൂന്നാമനായി ഇറങ്ങുമ്പോള്‍ വിരാട് കോലി പിന്നാലെയെത്തും. റിഷഭ് പന്താണ് വിക്കറ്റ് കീപ്പര്‍. പരിക്ക് വലയ്ക്കുന്ന രവിചന്ദ്ര അശ്വിന് മൂന്നാം ടെസ്റ്റും നഷ്ടമാകും.
ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരാണ് പേസ് നിരയില്‍ അണിനിരക്കുക. അഡ്‍ലെയ്‍ഡില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ പെര്‍ത്തില്‍ കങ്കാരുക്കള്‍ക്കായിരുന്നു വിജയം. ഇതോടെ നിര്‍ണായകമായ മൂന്നാം ടെസ്റ്റില്‍ വിജയം നേടി പരമ്പരയില്‍ മുന്നിലെത്തുക എന്ന ലക്ഷ്യമാണ് ഇരു ടീമുകള്‍ക്കുമുള്ളത്.
ഇന്ത്യന്‍ ടീം: വിരാട് കോലി (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, ഹനുമ വിഹാരി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ
