കേരള ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയ്‌ക്കെതിരെ സി.കെ വിനീത് നല്‍കിയ പരാതിയില്‍ പൊലീസ് നടപടിക്കൊരുങ്ങുന്നു. മഞ്ഞപ്പട ഭാരവാഹികളായ രണ്ടുപേരുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും.

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയ്‌ക്കെതിരെ സി.കെ വിനീത് നല്‍കിയ പരാതിയില്‍ പൊലീസ് നടപടിക്കൊരുങ്ങുന്നു. മഞ്ഞപ്പട ഭാരവാഹികളായ രണ്ടുപേരുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. കൊച്ചിയിയില്‍ നടന്ന ചെന്നൈയിന്‍ എഫ് സി- കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിനിടെ വിനീത് ഏഴ് വയസുകാരനായ ബോള്‍ ബോയിയോട് തട്ടിക്കയറിയെന്നും അസഭ്യം പറഞ്ഞുവെന്ന് മഞ്ഞപ്പടയുടെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലൂടെ പ്രചരിച്ചത്. 

ഇതിനെതിരെയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍താരംകൂടിയായ വിനീതിന്റെ പരാതി. മഞ്ഞപ്പടയുടെ എറണാകുളം മേഖലാ പ്രസിഡന്റ്, സന്ദേശം പ്രചരിപ്പിച്ചയാള്‍ എന്നിവരില്‍ നിന്നാണ് പൊലീസ് ആദ്യം മൊഴി രേഖപ്പെടുത്തുക. ഇരുവരോടും നേരിട്ട് ഹാജരാകാന്‍ പൊലീസ് നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. വിനീതിനെതിരെ വ്യക്തിപരമായ ആക്രമണത്തിന് ശ്രമിച്ചിട്ടില്ലെന്നും വിഐപി ഗാലറിയില്‍ കളികണ്ടവരാണ് വിനീത് ബോള്‍ബോയിയോട് മോശമായി പെരുമാറി എന്ന് പറഞ്ഞതെന്നും മഞ്ഞപ്പട ഭാരവാഹികള്‍ പറയുന്നു. 

വിനീതിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഗ്രൗണ്ടില്‍ ഇത്തരം സംഭവങ്ങളൊന്നും ഉണ്ടായില്ലെന്നും മാച്ച് റഫറി ദിനേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇതിനിടെ വിനീതിന് പിന്തുണയുമായി ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍താരം മുഹമ്മദ് റാഫിയും രംഗത്തെത്തി. കളി അറിയാത്തവരാണ് ബ്ലാസ്റ്റേഴ്‌സിന്റെ മിക്ക ആരാധകരും. മഞ്ഞപ്പടയുടെ അതിരുകടന്ന ആക്രമണങ്ങള്‍ വിനീതിന് മുന്‍പ് തനിക്കും ഉണ്ടായിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സില്‍ കളിച്ച എല്ലാ മലയാളി താരങ്ങളും ഇതേഅനുഭവം നേരിട്ടിട്ടുണ്ടെന്നും റാഫി പറഞ്ഞു.