സിഡ്നി: മുൻ നായകൻ റിക്കി പോണ്ടിംഗിനെ ഓസ്ട്രേലിയയുടെ ട്വന്‍റി 20 ക്രിക്കറ്റ് ടീം പരിശീലകനായി നിയമിച്ചു. ക്രിക്കറ്റ് ഓസ്ട്രേലിയയാണ് ഇക്കാര്യം അറിയിച്ചത്. മുൻ അന്താരാഷ്ര്‌ടതാരം ജസ്റ്റിൻ ലാംഗർ പരിശീലിപ്പിക്കുന്ന ഓസീസിൽ ടീമിൽ സഹപരിശീലകനായാണ് പോണ്ടിംഗിനെ നിയമിച്ചിരിക്കുന്നത്. ലാംഗറെയും പോണ്ടിംഗിനെയും കൂടാതെ പേസ് ബൗളർ ജാസൺ ഗില്ലസ്പിയും ഓസീസ് പരിശീലക ടീമിന്‍റെ ഭാഗമാണ്.
ഫെബ്രുവരിയിൽ ശ്രീലങ്കയ്ക്കെതിരെ നാട്ടിൽ നടക്കുന്ന ട്വന്റി20 പരമ്പരയിലാണ് പോണ്ടിംഗ് ടീമിനെ പരിശീലിപ്പിക്കുക. കൺസൾട്ടന്റ് വ്യവസ്‌ഥയിലാണ് പോണ്ടിംഗിന്റെ നിയമനമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചിട്ടുണ്ട്. മൂന്ന് ട്വന്റി20 മൽസരങ്ങളാണ് ഓസ്ട്രേലിയ ശ്രീലങ്കയ്ക്കെതിരെ കളിക്കുക. ഫെബ്രുവരി 17, 19, 22 തീയതികളിലാണ് മൽസരങ്ങൾ.
ടീം പരിശീലകനായി നിയമിച്ച ക്രിക്കറ്റ് ഓസ്ട്രേലിയയുടെ തീരുമാനത്തിൽ പോണ്ടിംഗ് സന്തോഷം പ്രകടിപ്പിച്ചു. 2012 ൽ അന്താരാഷ്ര്‌ട ക്രിക്കറ്റിൽനിന്നു വിരമിച്ച പോണ്ടിംഗ് ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്ടനായും, പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്.
