വിശാഖപട്ടണം: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര ജയത്തിനിടയിലും ഓപ്പണര്‍മാരായ അജിങ്ക്യ രഹാനെയുടെയും രോഹിത് ശര്‍മയുടെയും മോശം പ്രകടനങ്ങള്‍ ഇന്ത്യക്ക് ആശങ്കക്ക് വക നല്‍കുന്നതാണ്. അഞ്ച് മത്സരങ്ങളില്‍ നിന്ന് ഒരു അര്‍ദ്ധസെഞ്ച്വറി മാത്രമാണ് രഹാനെക്കും രോഹിത്തിനും നേടാനായത്.

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണ് അജിങ്ക്യ രഹാനെ.എന്നാല്‍ആ മികവ് ഏകദിനങ്ങളില്‍ആവര്‍ത്തിക്കാന്‍ പലപ്പോഴും രഹാനെക്ക് കഴിയാറില്ല. ഇക്കുറിയും അതിന് മാറ്റമുണ്ടായില്ല. ശിഖര്‍ ധവാന് പരിക്കേറ്റ സാഹചര്യത്തില് രഹാനെയാകും അഞ്ച് മത്സരങ്ങളിലും ഓപ്പണ്‍ചെയ്യുകയെന്ന് ടീം മാനേജ്മെന്‍റ് നേരത്തെ വ്യക്തമാക്കിയിട്ടും സമ്മര്‍ദമില്ലാതെ ബാറ്റ് ചെയ്യാന്‍ പലപ്പോഴും ഈ മാഹാരാഷ്ട്ര താരത്തിനായില്ല. ആദ്യ രണ്ട് ഏകദിനങ്ങളിലും മോശമല്ലാത്ത തുടക്കം കിട്ടിയെങ്കിലും വലിയ സ്കോറിലേക്ക് എത്തിക്കാന്‍ രഹാനെക്കായില്ല. മൂന്നാം ഏകദിനത്തിലാകട്ടെ വെറും അഞ്ച് റണ്‍സെടുത്ത് മടങ്ങി. നാലാം ഏകദിനത്തില്‍ അര്‍ദ്ധസെഞ്ച്വറി നേടിയെങ്കിലും ടീമിനെ ജയിപ്പിക്കുന്ന തരത്തിലുള്ള ഇന്നിംഗ്സായിരുന്നില്ല അത്.

അഞ്ചാം മത്സരത്തിലും നന്നായി തുടങ്ങിയ ശേഷം ചെറിയ സ്കോറിന് പുറത്തായി. ഐപിഎല്‍ പോലെയുള്ള ട്വന്റി 20 മത്സരങ്ങളില്‍ നല്ല സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യുന്ന രഹാനെക്ക് പക്ഷെ ഏകദിനത്തില്‍ എന്തുകൊണ്ടോ അത്ര വേഗത്തില്‍ സ്കോര്‍ ചെയ്യാന്‍ കഴിയുന്നില്ല. അത്ര അപകടാരമായ പന്തുകളലായിരുന്നില്ല പുറത്താകലും. ഈ പരമ്പരയില്‍ തിളങ്ങിയിരുന്നെങ്കില്‍ രഹാനെക്ക് ഏകദിന ടീമില്‍ സ്ഥാനം ഉറപ്പിക്കാനായേനെ.

രഹാനെയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് രോഹിത്തിന്റെ കാര്യം. ഏകദിന ക്രിക്കറ്റിലെ ഇന്ത്യയുടെ മാച്ച് വിന്നറായ രോഹിത്തിന് ടെസ്റ്റിലായിരുന്നു ഇതുവരെ കഷ്ടകാലം. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മൂന്ന് അര്‍ധ സെഞ്ചുറികളുമായി ടീമിലെ സ്ഥാനം ഏതാണ്ട് ഉറപ്പിച്ചപ്പോഴാണ് ഏകദിന പരമ്പരയില്‍ തീര്‍ത്തും നിരാശപ്പെടുത്തിയത്. ആദ്യ നാല് ഏകദിനങ്ങളിലും കാര്യമായ സംഭാവന ഇല്ലാതെ മടങ്ങിയ രോഹിത് അഞ്ചാം ഏകദിനത്തില്‍ മാത്രമാണ് അര്‍ധ സെഞ്ചുറി നേടിയത്. മികച്ച തുടക്കത്തിനുശേഷമായിരുന്നു എല്ലാ പുറത്താകലുകളും. രഹാനെയ്ക്കൊപ്പം സ്ട്രൈക്ക് കൈമാറി കളിക്കാനാവാത്തതും ഇന്ത്യക്ക് തലവേദനയായിരുന്നു. വരാനിരിക്കുന്നത് ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പര ആണെന്നതിനാല്‍ ഇരുവരുടെയും ഏകദിനങ്ങളിലെ മോശം ഫോം ഇന്ത്യയെ പെട്ടെന്ന് ബാധിക്കില്ല.