ലിസ്‌ബണ്‍: യൂറോ കപ്പ് ജേതാക്കളായ പോര്‍ച്ചുഗല്‍ താരങ്ങള്‍ക്ക് ജന്‍മനാട്ടില്‍ ആവേശ്വജലമായ സ്വീകരണം. പതിനായിരക്കണക്കിന് ആരാധകരാണ് ടീമിനെ സ്വീകരിക്കാന്‍ കാത്തിരുന്നത്. യൂറോപ്പ് കീഴടക്കിയ പറങ്കിപ്പടയ്ക്ക് സ്വപ്നതുല്യമായ സ്വീകരണം. തലസ്ഥാന നഗരിയായ ലിസ്ബണ്‍ ഫുട്‌ബോള്‍ ആരാധരെ കൊണ്ട് നിറഞ്ഞു. തുറന്ന വാഹനത്തില്‍ നഗരം ചുറ്റിയ വീരനായകന്‍മാരെ ആവേശത്തോടെയാണ് ആരാധകര്‍ എതിരേറ്റത്. കലാശപ്പോരാട്ടത്തില്‍ ഫ്രാന്‍സിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ചാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ ആദ്യ യൂറോ കപ്പ് സ്വന്തമാക്കിയത്.

ഇത്തവണത്തെ യുറോ കപ്പ് വിജയം പോര്‍ച്ചുഗല്‍ ഫുട്ബോളിന് അവിസ്‌മരണീയമായ ഒന്നാണ്. അന്താരാഷ്‌ട്ര തലത്തില്‍ ഒരു ഫുട്ബോള്‍ കിരീടം പോര്‍ച്ചുഗലിന് ലഭിക്കുന്നത് ഇതാദ്യമാണ്. ഒരു അന്താരാഷ്‌ട്ര ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ഫ്രാന്‍സിനെ പോര്‍ച്ചുഗല്‍ തോല്‍പ്പിക്കുന്നത് 41 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. ഇത്തവണ യുറോ കപ്പില്‍ ആദ്യ റൗണ്ടുകളില്‍ കാലിടറിയെങ്കിലും ശരിയായ സമയത്ത് ഫോമിലേക്ക് തിരിച്ചെത്തിയ പറങ്കിപ്പട, സെമിയിലും ഫൈനലിലും മികച്ച പ്രകടനം തന്നെയാണ് പുറത്തെടുത്തത്. ഫൈനലില്‍ ആദ്യ പകുതിയില്‍ തന്നെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ നഷ്‌ടമായെങ്കിലും പോര്‍ച്ചുഗല്‍ താരങ്ങള്‍ കാലിടറാതെ പിടിച്ചുനിന്നു. ഫ്രാന്‍സിന്റെ തുടരെത്തുടരെയുള്ള ആക്രമണങ്ങളെ അവര്‍ കൂട്ടായി ചെറുത്തു. ഒടുവില്‍ ലഭിച്ച അവസരം മുതലെടുത്ത് പോര്‍ച്ചുഗല്‍ നിറയൊഴിച്ചപ്പോള്‍ സ്വന്തം നാട്ടുകാരുടെ മുന്നില്‍ ഫ്രഞ്ച് പട തലകുനിക്കുകയായിരുന്നു.