ചാരിറ്റി ഫുട്ബോൾ മത്സരം കളിച്ചതിന്‍റെ പേരിൽ നേരിട്ട വിലക്കിനെ ന്യായീകരിച്ച് ഇന്ത്യൻ ഹോക്കി ടീം ഗോൾ കീപ്പർ പി ആർ ശ്രീജേഷ്. മുതിർന്ന കളിക്കാരനായ താൻ അനുമതിയില്ലാതെ മത്സരത്തിൽ പങ്കെടുത്തത് തെറ്റായിപ്പോയെന്ന് ശ്രീജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരിക്ക് മാറി ദേശീയ ടീമിലേക്കുളള തിരിച്ചുവരവിൽ വലിയ പ്രതീക്ഷയിലാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ.

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി നടത്തിയ ചാരിറ്റി ഫുട്ബോർ മത്സരത്തിൽ അനുമതിയില്ലാതെ പങ്കെടുത്തതിന് പതിനഞ്ച് ദിവസത്തേക്കാണ് പി ആർ ശ്രീജേഷിനെ ഹോക്കി ഇന്ത്യ വിലക്കിയത്. പരിക്കിനെത്തുടർന്ന് വിട്ടുനിന്നതിനൊപ്പം നേരിട്ട വിലക്കിനെക്കുറിച്ച് ആദ്യമായി ഏഷ്യാനെറ്റ് ന്യൂസിലൂടെ ശ്രീജേഷ് പ്രതികരിച്ചു. ഫുട്ബോൾ കളിച്ചത് തെറ്റായിപ്പോയി. മികച്ച ഫോമിൽ നിൽക്കെ വില്ലനായ പരിക്ക് കവർന്നത് എട്ട് മാസം. ഈ കാലം തന്നെ പുതിയ മനുഷ്യനാക്കിയതെന്ന് ശ്രീജേഷ് പറയുന്നു. ന്യൂസിലാൻഡിൽ നടക്കുന്ന ചതുർരാഷ്ട്ര പരമ്പരയിലാണ് മടങ്ങിവരവ്.

കളിക്കാരെ അറിയുന്ന പരിശീലകനാണ് ഷോഡ് മരീനെയെന്നും പരിചയസമ്പത്തും യുവത്വവും ചേർന്ന ടീം വരുന്ന വലിയ ടൂർണമെന്റുകളിൽ നേട്ടമുണ്ടാക്കുമെന്നും ശ്രീജേഷ് പറഞ്ഞു.