സിംഗപ്പുര്‍: ഇന്ത്യന്‍ ബാഡ്‌മിന്റണിലെ പുത്തന്‍ പ്രതീക്ഷയായ സായ് പ്രനീതിന് സിംഗപ്പുര്‍ സൂപ്പര്‍ സീരീസ് കിരീടം. ഇന്ത്യന്‍ താരം കിഡംബി ശ്രീകാന്തിനെയാണ് പ്രനീത് ഫൈനലില്‍ തോല്‍പ്പിച്ചത്. സ്‌കോര്‍- 17-21, 21-17, 21-12. ആദ്യ സെറ്റ് നഷ്‌ടമായെങ്കിലും തുടര്‍ന്നുള്ള സെറ്റുകളില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയാണ് പ്രനീത്, ശ്രീകാന്തിനെ അടിയറവ് പറയിച്ചത്. ലോക മുപ്പതാം നമ്പര്‍ താരമായ പ്രനീത്, പരിചയസമ്പന്നനായ ശ്രീകാന്തിനെതിരെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 54 മിനിട്ട് നീണ്ടുനിന്ന പോരാട്ടത്തില്‍, ആദ്യ സെറ്റിലൊഴികെ ആധിപത്യം പുലര്‍ത്താന്‍ ശ്രീകാന്തിന് സാധിച്ചില്ല. ഗോപിചന്ദ് അക്കാദമിയിലെ താരങ്ങളാണ് ശ്രീകാന്തും പ്രനീതും. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ആദ്യ രണ്ടു സെറ്റുകളിലും ദൃശ്യമായതെങ്കിലും മൂന്നാം സെറ്റ് ഏറെക്കുറെ ഏകപക്ഷീയമായാണ് സായ് പ്രനീത് സ്വന്തമാക്കിയത്.