തേഞ്ഞിപ്പാലം: ഒന്നാം സ്ഥാനക്കാരാണ് എപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കാറുള്ളത്. എന്നാൽ പെൺകുട്ടികളുടെ പോൾ വോൾട്ടിൽ ഏഴാം സ്ഥാനക്കാരിയായ ഒരു താരം എല്ലാവരുടെയു ശ്രദ്ധ പിടിച്ചുപറ്റി. ജൂനിയർ പെൺകുട്ടികളുടെ പോൾവോൾട്ട് വേദി. അരലക്ഷം രൂപയിലേറെ വിലവരുന്ന പോളുമായി താരങ്ങൾ മത്സരിക്കുന്നു. അതിനിടയിലേക്കാണ് മുള കൊണ്ടുള്ള പോളുമായി നഗ്നപാദയായി പ്രവീണയെന്ന ആദിവാസി പെൺകുട്ടി എത്തുന്നത്.

മത്സരഫലം വന്നു. കല്ലടിയുടെ നിവ്യ ആന്‍റണി സ്വർണ്ണം സ്വന്തമാക്കിയപ്പോൾ പ്രവീണക്ക് കിട്ടിയത് ഏഴാം സ്ഥാനം. കഴിഞ്ഞ ആറ് വർഷമായി സംസ്ഥാന കായികമേളകളിൽ പങ്കെടുത്തുവരുന്ന താരമാണ് ബന്ദടുക്ക ഗവൺമെന്റ് ഹൈസ്കൂളിലെ പ്രവീണ. ഇതേ പോളുമായി. എല്ലാ വർഷവും ആദ്യ എട്ടിനുള്ളിൽ പ്രവീണയുണ്ടാകും. മുളകൊണ്ടുള്ള പോളുതന്നെ അധ്യാപകർ സഹായിച്ചിട്ടാണ്. നല്ലതൊന്ന് വാങ്ങിക്കൊടുക്കാൻ കൂലിപ്പണിക്കാരിയായ അമ്മക്കാവില്ല.

മറ്റുള്ളവർക്കുള്ളതിന്‍റെ പകുതി സൗകര്യമുണ്ടായിരുന്നെങ്കിൽ താൻ മെഡൽ നേടിയേനെയെന്ന് പ്രവീണ പറയുമ്പോൾ മറ്റൊരു സംഭവം കൂടി പറയാതെ വയ്യ. കാസർകോട്ടെ പോൾവോൾട്ട് താരങ്ങൾക്ക് മത്സരിക്കാൻ ജില്ലാ പഞ്ചായത്ത് ബെഡ് വാങ്ങിയിരുന്നു. ലക്ഷങ്ങളുടെ അഴിമതി നടന്നെന്ന് ആരോപണം ഉയർന്നതോടെ ബെഡ് പിടിച്ചുവെച്ച് വിജിലൻസ് അന്വേഷണം ആരംഭിച്ചു. ഇതോടെ മണലിൽ ചാടിയായിരുന്നു പ്രവീണ ഉൾപ്പെടെയുള്ള കാസർകോഡ് താരങ്ങളുടെ പോൾവോൾട്ട് പരിശീലനം. ഇല്ലായ്മകൾക്കിടയിലും പ്രവീണമാർ നേടുന്ന ഏഴാം സ്ഥാനത്തിന് പത്തരമാറ്റാണ്.