കൊല്‍ക്കത്ത: വിരാട് കൊഹ്‌ലിയുടെ നേത്വത്തിലുള്ള ടെസ്റ്റ് വിജയങ്ങള്‍ ഏകദിന ടീം നായകന്‍ എംഎസ് ധോണിയെ സമ്മര്‍ദ്ദത്തിലാക്കുമെന്ന് ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലി.കരുണ്‍ നായര്‍ അടുത്ത പരമ്പരയിലും കളിക്കുമെന്നാണ് പ്രതീക്ഷയെന്നും ഗാംഗുലി പറഞ്ഞു.

വിരാട് കൊഹ്‌ലിയുടെ നേതൃത്വത്തില്‍ ടെസ്റ്റ് ടീം തുടര്‍ജയങ്ങള്‍ സ്വന്തമാക്കിയാലും ഏകദിന നായകനായി എം എസ് ധോണി തുടരണമെന്ന് കപില്‍ ദേവ് അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് സൗരവ് ഗാംഗുലി നിലപാട് വ്യക്തമാക്കിയത്.

2019ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ആര് നയിക്കണം എന്ന കാര്യത്തില്‍ സെലക്ടര്‍മാര്‍ ഒരു നിലപാടിലെത്തണം.അതിന് അനുസരിച്ച് വേണം ധോണിയുടെ നായകപദവിയില്‍ തീരുമാനമെടുക്കേണ്ടതെന്നും ഗാംഗുലി പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ധോണിക്കാകും നിര്‍ണായകമാകുകയെന്നും ഗാംഗുലി പറഞ്ഞു.

ധോണിയുടെ കാര്യത്തില്‍ സെലക്ടര്‍മാര്‍ കടുത്ത സമ്മര്‍ദ്ദത്തിലാകുമെന്നും ഗാംഗുലി പറഞ്ഞു. കരുണ്‍ നായര്‍ തിളങ്ങിയെങ്കിലും അജിന്‍ക്യ രഹാനെയെയും മധ്യനിരയില്‍ പരിഗണിക്കേണ്ടി വരുമെന്നും ഗാംഗുലി പറഞ്ഞു. അതേസമയം, ഇംഗ്ലണ്ടിനെതിരായ ഏകിദന പരമ്പര ധോണിക്ക് നിര്‍ണായകമാണെന്ന ഗാംഗുലിയുടെ അഭിപ്രായത്തോടെ യോജിച്ച മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ ധോണിയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് നീക്കാന്‍ സെലക്ടര്‍മാര്‍ ഉടന്‍ തയാറായേക്കില്ലെന്നും വ്യക്തമാക്കി. ക്യാപ്റ്റനെന്നനിലയില്‍ ധോണിയുടെ റെക്കോര്‍ഡുകള്‍ തന്നെയാണ് കൊഹ്‌ലിക്ക് മുന്നിലുള്ള വെല്ലുവിളിയെന്നും അസ്ഹര്‍ വ്യക്തമാക്കി.