ആദ്യ പന്തില്‍ സിംഗിളെടുത്ത ഹാര്‍ദ്ദിക്ക് പിന്നീട് മൂന്ന് സിക്സുകള്‍ പറത്തി. തരണ്‍പ്രീത് സിംഗ് എറിഞ്ഞ 25-ാം ഓവറില്‍ മൂന്ന് സിക്സും രണ്ട് ഫോറും കൂടി പറത്തി 19 പന്തില്‍ ഹാര്‍ദ്ദിക് അര്‍ധസെഞ്ചുറി തികച്ചു.

രാജ്കോട്ട്: വിജയ് ഹസാരെ ട്രോഫിയില്‍ ബാറ്റിംഗ് വെടിക്കെട്ടുമായി വീണ്ടും ഹാര്‍ദ്ദിക് പാണ്ഡ്യ. ചണ്ഡീഗഡിനെതിരായ മത്സരത്തില്‍ ബറോഡക്കായി ആറാമനായി ക്രീസിലെത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യ 31 പന്തില്‍ 241.94 സട്രൈക്ക് റേറ്റില്‍ 75 റണ്‍സെടുത്ത് പുറത്തായി. 9 സിക്സും രണ്ട് ഫോറും അടങ്ങുന്നതാണ് ഹാര്‍ദ്ദിക്കിന്‍റെ ഇന്നിംഗ്സ്. ചണ്ഡീഗഡിനെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ബറോഡക്ക് തുടക്കത്തിലെ ഓപ്പണര്‍മാരായ നിത്യ ജെ പാണ്ഡ്യയെയും അമിത് പാസിയെയും നഷ്ടമായിരുന്നു. മൂന്നാം വിക്കറ്റില്‍ പ്രിയാന്‍ഷു മോളിയയും വിഷ്ണു സോളങ്കിയും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ബറോഡയെ കരകയറ്റി. സോളങ്കിയും പിന്നാലെ ക്യാപ്റ്റൻ ക്രുനാല്‍ പാണ്ഡ്യയും പുറത്തായതോടെ 21-ാം ഓവറില്‍ 123-4 എന്ന സ്കോറിലേക്ക് വീണെങ്കിലും ആറാമനായി ക്രീസിലെത്തിയ ഹാര്‍ദ്ദിക് വന്നപാടെ തകര്‍ത്തടിച്ചു.

ആദ്യ പന്തില്‍ സിംഗിളെടുത്ത ഹാര്‍ദ്ദിക്ക് പിന്നീട് മൂന്ന് സിക്സുകള്‍ പറത്തി. തരണ്‍പ്രീത് സിംഗ് എറിഞ്ഞ 25-ാം ഓവറില്‍ മൂന്ന് സിക്സും രണ്ട് ഫോറും കൂടി പറത്തി 19 പന്തില്‍ ഹാര്‍ദ്ദിക് അര്‍ധസെഞ്ചുറി തികച്ചു. അര്‍ധസെഞ്ചുറിക്ക് ശേഷം നിഷുക ബിര്‍ളക്കെതിരെ ഒരോവറില്‍ മൂന്ന് സിക്സ് കൂടി പറത്തിയ ഹാര്‍ദ്ദിക് 30-ാം ഓവറില്‍ പുറത്താവുമ്പോൾ ബറോഡ 213 റണ്‍സിലെത്തിയിരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ബറോഡ 32 ഓവറില്‍ 231-5 എന്ന നിലയിലാണ്. 62 റണ്‍സുമായി പ്രിയാന്‍ഷു മൊളിയയും 11 റണ്‍സോടെ ജിതേഷ് ശര്‍മയുമാണ് ക്രീസില്‍.

മറ്റൊരു മത്സരത്തില്‍ ഗോവക്കെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന മഹരാഷ്ട്രക്കായി ഓപ്പണറായി ഇറങ്ങിയ പൃഥ്വി ഷാ അഞ്ച് പന്തില്‍ ഒരു റണ്‍സെടുത്ത് പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദ് അര്‍ധസെഞ്ചുറി നേടി. ഗോവക്കെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മഹാരാഷ്ട്ര 34 ഓവറില്‍ 112-6 എന്ന നിലയില്‍ ബാറ്റിംഗ് തകര്‍ന്ന നേരിടുകയാണ്. 55 റണ്‍സുമായി റുതുരാജ് ഗെയ്ക്‌വാദും 29 റണ്‍സോടെ വിക്കി ഓട്സോളും ക്രീസില്‍. 52-6 എന്ന സ്കോറില്‍ തകര്‍ന്നടിഞ്ഞശേഷമാണ് മഹാരാഷ്ട്ര കരകയറിയത്.

മുംബൈക്കെതിരായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യുന്ന പഞ്ചാബിനായി ഓപ്പണറായി ഇറങ്ങിയ ഇന്ത്യൻ താരം അഭിഷേക് ശര്‍മയും നിരാശപ്പെടുത്തി. 10 പന്തില്‍ എട്ട് റണ്‍സെടുത്ത് അഭിഷേക് പുറത്തായപ്പോള്‍ ഇന്ത്യൻ ഏകദിന ടീം നായകന്‍ ശുഭ്മാൻ ഗില്‍ ഇന്നത്തെ മത്സരത്തില്‍ കളിക്കുന്നില്ല. മുംബൈക്കെതിരെ പഞ്ചാബ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 36 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തിട്ടുണ്ട്. 66 റണ്‍സോടെ രമണ്‍ദീപ് സിംഗ് ക്രീസിലുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക