ബംഗളൂരു: ഏകദിന ക്രിക്കറ്റിലെ അതിവേഗ സെഞ്ചുറിയുടെ റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ താരം. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ നാലാം ലീഗ് ടൂര്‍ണമെന്റില്‍ സിറ്റി ജിംഖാനയ്ക്കുവേണ്ടി കളിക്കുന്ന പ്രോളു രവീന്ദ്ര 29 പന്തില്‍ സെഞ്ചുറി അടിച്ചാണ് ഡിവില്ലിയേഴ്സിന്റെ 31 പന്തില്‍ സെഞ്ചുറിയെന്ന റെക്കോര്‍ഡ് മറികടന്നത്. ജെയ്‌ദുര്‍ ക്ലബ്ബിനെതിരെ ആയിരുന്നു രവീന്ദ്രയുടെ നേട്ടം. ഡിവില്ലിയേഴ്സിന്റെ നേട്ടം രാജ്യാന്തര ക്രിക്കറ്റിലായിരുന്നുവെന്നതിനാല്‍ റെക്കോര്‍ഡ് നഷ്ടമാകില്ല.
മത്സരത്തില്‍ 58 പന്തില്‍ 13 സിക്സറും നാലു ഫോറും പറത്തിയ രവീന്ദ്ര 144 റണ്‍സാണ് അടിച്ചുകൂട്ടിയത്. പ്രഫഷണല്‍ ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയില്‍ 30 പന്തില്‍ സെഞ്ചുറി നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സിനുവേണ്ടിയായിരുന്നു ഗെയ്‌ലിന്റെ നേട്ടം. രവീന്ദ്രയുടെ പ്രകടനത്തിന് മുന്നില്‍ ഗെയിലിന്റെ റെക്കോര്‍ഡും വഴി മാറി.
ഔദ്യോഗിക ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ 27 പന്തില്‍ സെഞ്ചുറി പിറന്നിട്ടുണ്ടെങ്കിലും അത് സൗഹൃദ മത്സരത്തിലായിരുന്നു. രവീന്ദ്രയുടെ വെടിക്കെട്ട് സെഞ്ചുറി മികവില്‍ ജിംഖാന 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 403 റണ്‍സടിച്ചു. മറുപടിയായി ജെയ്ദുര്‍ ക്ലബ്ബിന് 229 റണ്‍സെടുക്കാനെ കഴിഞ്ഞുളളു.
