ബെംഗലുരു: ഏഷ്യാകപ്പിന് യോഗ്യത നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായതില്‍ അഭിമാനമെന്ന് മലയാളി താരം സി.കെ വിനീത്. മൈതാനത്ത് പന്തുതട്ടാന്‍ കഴിഞ്ഞില്ലെങ്കിലും മക്കോവയ്ക്കെതിരെ കളിച്ച ടീമിന്‍റെ ഭാഗമായത് സന്തോഷം നല്‍കുന്നതായി സി.കെ വിനീത് ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം ടീമിലെ മറ്റൊരു മലയാളിയായ അനസ് എടത്തൊടിക മക്കോവയ്ക്കെതിരെ കളത്തിലിറങ്ങി.

ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ ഏഷ്യാകപ്പിന് യോഗ്യത നേടുന്നത്. 2019 ജനുവരി അഞ്ച് മുതല്‍ യുഎഇയിലാണ് ഏഷ്യാകപ്പ് മത്സരങ്ങള്‍ നടക്കുന്നത്. ഇതിനുമുമ്പ് മൂന്ന് തവണ ഇന്ത്യ ഏഷ്യാകപ്പ് കളിച്ചിട്ടുണ്ട്. നേരത്തെ ബെംഗലുരുവില്‍ ടീം പരിശീലനം നടത്തുന്ന ചിത്രങ്ങളും സി.കെ വിനീത് ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.