പിഎസ്ജി ആവശ്യപ്പെടുന്നത് 355 മില്യണ്‍ യൂറോയെന്ന് സൂചന

പാരിസ്: റെക്കോര്‍ഡ് തുകയ്ക്ക് ചേക്കേറിയ ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ നെയ്മര്‍ ഫ്രഞ്ച് ക്ലബായ പിഎസ്ജിയിയില്‍ അസ്വസ്തനെന്ന് റിപ്പോര്‍ട്ട്. 2019ഓടെ നെയ്മര്‍ ബാഴ്സലോണയില്‍ തിരിച്ചെത്തുമെന്ന് കറ്റാലിയന്‍ ദിനപത്രം മുണ്ടോ ഡിപോര്‍ട്ടീവോ റിപ്പോര്‍ട്ട് ചെയ്തു. നെയ്മറെ സ്‌പാനീഷ് ഭീമന്‍മാരായ റയല്‍ മാഡ്രിഡ് നോട്ടമിടുന്നു എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പുതിയ വെളിപ്പെടുത്തല്‍. 

അതേസമയം നെയ്മറെ വിട്ടുനല്‍കാന്‍ പിഎസ്ജി 355 മില്യണ്‍ യൂറോ ആവശ്യപ്പെടുന്നതായി ദ് സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നെയ്മര്‍ക്കായി റയലും രംഗത്തുണ്ടെന്ന് ദ് സണിന്‍റെ റിപ്പോര്‍ട്ട് പറയുന്നു. 2017 ആഗസ്റ്റിലാണ് 222 മില്യന്‍ യൂറോയുടെ റെക്കോര്‍ഡ് തുകയ്ക്ക് നെയ്മര്‍ ബാഴ്സിലോണ വിട്ട് ഫ്രഞ്ച് ക്ലബായ പിഎസ്ജിയില്‍ ചേക്കേറിയത്. 

പിഎസ്ജിയില്‍ മിന്നും ഫോമിലുള്ള നെയ്മര്‍ ഇതിനകം 20 മത്സരങ്ങളില്‍ 19 തവണ വലകുലുക്കിയിട്ടുണ്ട്. നെയ്‌മര്‍ ബാഴ്സലോണയിലേക്ക് മടങ്ങിയാലും റയലില്‍ ചേക്കേറിയാലും അത് ട്രാന്‍സ്‌ഫര്‍ മാര്‍ക്കറ്റില്‍ പുതിയ റെക്കോര്‍ഡാകുമെന്നുറപ്പ്.