കൊച്ചി: ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കുന്നതില്‍ അത്‌ലറ്റിക്ക് ഫെഡറേഷന് ഇരട്ടനീതിയെന്ന് ലോക അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമംഗം അനു രാഘവന്‍. ടീമില്‍ നിന്ന് പി യു ചിത്രയെ ഒഴിവാക്കിയത് ഒരിക്കലും നീതികരിക്കാനാവില്ലെന്നും പരാതിക്ക് അവസരം നല്‍കാതെ അവസാന നിമിഷം ടീമിനെ പ്രഖ്യാപിക്കുന്നത് അവസാനിപ്പിക്കണമെന്നും അനു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഇന്ത്യന്‍ടീമിനൊപ്പം ലണ്ടനിലേക്ക് തിരിക്കുന്നതിന് തൊട്ടു മുമ്പാണ് അനു രാഘവന്‍, അത്‌ലറ്റിക് ഫെഡറേഷന്റെ വിവേചനത്തിനെതിരെ തുറന്നടിച്ചത്. യോഗ്യത ഉണ്ടായിട്ടും റിയോ ഒളിംപിക്‌സിനുള്ള ടീമില്‍ നിന്നുംതഴഞ്ഞതിനെതിരെ ഫെഡറേഷനതിരെ ആദ്യമായി കോടതിയില്‍ കേസ് നല്‍കിയ താരമാണ് അനു രാഘവന്‍.
അന്തരാഷ്‌ട ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് ടീമിന്റെ പട്ടിക നല്‍കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് ടീം പ്രഖ്യാപിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് അനു ആവശ്യപ്പെട്ടു. നിരീക്ഷക മാത്രമായിരുന്ന തനിക്ക് ചിത്രയെ ഒഴിവാക്കിയതില്‍ പങ്കില്ലെന്ന പി ടി ഉഷയുടെ ന്യായീകരണം തള്ളി സെലക്ഷന് കമ്മിറ്റി ചെയര്‍മാന്‍ ജി എസ് രണ്‍ധാവ രംഗത്തെത്തിയിരുന്നു. ഫെഡറേഷന്‍ അംഗങ്ങളും ഉഷയും ചേര്‍ന്നാണ് യോഗ്യതയില്ലെന്ന് പറഞ്ഞ് ചിത്രയെ ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചതെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രണ്‍ധാവ വ്യക്തമാക്കി
