കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റര്‍ കോളേജിയറ്റ് അത്‍ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 1500 മീറ്ററില്‍ പി യു ചിത്രക്ക് റെക്കോഡോടെ സ്വര്‍ണം. യൂണിവേഴ്സിറ്റി മീറ്റില്‍ നാല് തവണ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് ചിത്ര റെക്കോഡ് സ്വന്തമാക്കുന്നത്. 

2001ലെ സിനിമോള്‍ പൗലോസിന്റെ 4.41 മിനിറ്റിന്റെ റെക്കോഡാണ് ചിത്ര തിരുത്തിയത്. പുതിയ സമയം 4.30 മിനിറ്റ് ആണ്. ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ ഒന്നാം വര്‍ഷ പിജി വിദ്യാര്‍ത്ഥിയായ ചിത്രയിപ്പോള്‍ ബാംഗ്ലാര്‍ ദേശീയ ക്യാമ്പില്‍ പരിശീലനത്തിലാണ്.

മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ എല്ലാ സഹായങ്ങളും ചെയ്യുന്ന കോളജിന് വേണ്ടി പോയിന്റ് നേടാനായതിന്റെ ആഹ്ലാദം ചിത്ര പങ്ക് വെച്ചു. നാളെ നടക്കുന്ന 1500 മീറ്ററിലും ചിത്ര മല്‍സരിക്കുന്നുണ്ട്.

400 മീറ്ററില്‍ ഒളിമ്പ്യന്‍ ജിസ്ന മാത്യുവിനാണ് സ്വര്‍ണം. ചേളന്നൂര്‍ എസ് എന്‍ കോളജ് വിദ്യാര്‍ത്ഥിയായ ജിസ്ന ഇതാദ്യമായാണ് യൂണിവേഴ്സിറ്റി ചാമ്പ്യന്‍ഷിപ്പില്‍ മല്‍സരിക്കുന്നത്.