റാഞ്ചി: മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ചേതേശ്വര്‍ പൂജാര-വൃദ്ധിമാന്‍ സാഹ കൂട്ടുകെട്ടിന്റെ പ്രകടനമാണ് നിര്‍ണായകമായത്. ഓസ്‌ട്രേലിയന്‍ ബൗളര്‍മാരുടെ മേല്‍ ആധിപത്യം പുലര്‍ത്തിയ പൂജാരയും സാഹയും ചേര്‍ന്ന് 69 വര്‍ഷം പഴക്കമുള്ള ഒരു ഇന്ത്യന്‍ റെക്കോര്‍ഡും തകര്‍ത്തു. ഏഴാം വിക്കറ്റിലെ മികച്ച കൂട്ടുകെട്ട് എന്ന റെക്കോര്‍ഡാണ് പൂജാരയും സാഹയും സ്വന്തം പേരിലാക്കിയത്. ഏഴാം വിക്കറ്റില്‍ 199 റണ്‍സാണ് അടിച്ചുകൂട്ടിയ പൂജാര-സാഹ സഖ്യം മറികടന്നത് ഹേമു അധികാരിയും വിജയ് ഹസാരെയും ചേര്‍ന്ന് 1948ല്‍ അഡ്‌ലെയ്‌ഡില്‍ ഓസ്‌ട്രേലിയയ്ക്കെതിരെ നേടിയ 132 റണ്‍സിന്റെ കൂട്ടുകെട്ടാണ്. ഇരട്ടസെഞ്ച്വറി നേടിയ പൂജാര മറ്റൊരു റെക്കോര്‍ഡ് കൂടി കുറിച്ചു. ഏറ്റവുമധികം പന്ത് നേരിട്ട ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്‍ എന്ന റെക്കോര്‍ഡാണ് പൂജാര നേടിയത്. 525 പന്ത് നേരിട്ട പൂജാര ഇക്കാര്യത്തില്‍ 495 പന്ത് നേരിട്ട രാഹുല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡാണ് മറികടന്നത്.