റാഞ്ചി: ഓസീസിനുവേണ്ടി സ്റ്റീവ് സ്മിത്ത് ചെയ്തത് ഇന്ത്യക്കായി ചേതേശ്വര്‍ പൂജാര ആവര്‍ത്തിച്ചു. ചേതേശ്വര്‍ പൂജാരയുടെ അപരാജിത സെഞ്ചുറിയുടെയും മുരളി വിജയ്‌യുടെ അര്‍ധസെഞ്ചുറിയുടെയും മികവില്‍ ഓസ്ട്രേലിയക്കെതിരായ റാഞ്ചി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ മികച്ച നിലയില്‍. ഓസീസിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 451 റണ്‍സിന് മറുപടിയായി മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 360 റണ്‍സെടുത്തിട്ടുണ്ട്. 130 റണ്‍സുമായി പൂജാരയും 18 റണ്‍സോടെ വൃദ്ധിമാന്‍ സാഹയും ക്രീസില്‍. നാലു വിക്കറ്റ് ശേഷിക്കെ ഓസീസ് സ്കോറിനേക്കാള്‍ 91 റണ്‍സ് മാത്രം പുറകിലാണ് ഇന്ത്യയിപ്പോള്‍. നാലാം ദിനം ആദ്യ സെഷനില്‍ ഓസീസ് ലീഡ് മറികടക്കാനായാല്‍ ഇന്ത്യക്ക് മേല്‍ക്കൈ നേടാനാകും.
മൂന്നാം ദിനം തുടക്കത്തിലെ വിക്കറ്റ് വീഴ്‌ത്തി ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാമെന്ന ഓസീസ് മോഹങ്ങള്‍ പൂജാരയുടെയും വിജയ്‌യുടെയും പ്രതിരോധത്തില്‍ തട്ടിത്തകര്‍ന്നു. ഇരുവരും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടിലൂടെ ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിക്കുമെന്ന ഘട്ടത്തിലാണ് ലഞ്ചിന് തൊട്ടുമുമ്പ് വിജയ്‌യുടെ അമിതാവേശം ഇന്ത്യയെ ചതിച്ചത്. 82 റണ്‍സെടുത്ത വിജയ്‌യെ നഷ്ടമായതോടെ ലഞ്ചിന് പിരിഞ്ഞു. ലഞ്ചിന് ശേഷം ക്രീസിലെത്താനിരിക്കുന്ന വിരാട് കോലിയുടെ ഇന്നിംഗ്സിലായിരുന്നു പിന്നീട് ആരാധകരുടെ കണ്ണുകള്‍. ക്രീസിലെത്തിയ കോലിയില്‍ തോളിനേറ്റ പരിക്കിന്റെ ലാഞ്ചനകള്‍ ഉണ്ടായിരുന്നെങ്കിലും 23 പന്തുകള്‍ നേരിട്ടു. ഒടുവില്‍ ഓഫ് സ്റ്റമ്പിന് പുറത്തുപോയൊരു പന്തില്‍ കവര്‍ ഡ്രൈവിന് ശ്രമിച്ച കോലിക്ക് പിഴച്ചു. സ്ലിപ്പില്‍ സ്മിത്തിന്റെ കൈകളിലെത്തിയ കോലി ഒരിക്കല്‍കൂടി നിരാശനായി മടങ്ങി. കോലിയുടെ വിക്കറ്റ് ഓസീസ് അമിതാവശത്തോടെയാണ് ആഘോഷിച്ചത്.
കോലിക്ക് ശേഷം ക്രീസിലെത്തി രഹാനെയ്ക്കും നല്ലതുടക്കം കിട്ടി. എന്നാല്‍ കമിന്‍സിന്റെ ബൗണ്‍സറില്‍ അമിതാവേശം കാട്ടിയ രഹാനെയ്ക്കും പണി കിട്ടി. 14 റണ്‍സെടുത്ത രഹാനെ വലിയ സ്കോറില്ലാതെ ഒരിക്കല്‍കൂടി തലകുനിച്ചു. കമിന്‍സിനായിരുന്നു ഇത്തവണയും വിക്കറ്റ്. ട്രിപ്പിള്‍ സെഞ്ചുറി വീരന്‍ കരുണ്‍ നായര്‍ 23 റണ്‍സെടുത്ത് ഹേസല്‍വുഡിന്റെ കൃത്യതയ്ക്ക് മുന്നില്‍ മുട്ടുമടക്കി. പിന്നാലെ അശ്വിനും(3) കമിന്‍സിന്റെ ബൗണ്‍സറില്‍ വീണതോടെ ഇന്ത്യ വന്‍ലീഡ് വഴങ്ങുമെന്ന് തോന്നിച്ചു. ബൗണ്‍സര്‍ എറിഞ്ഞ് കമിന്‍സ് നേടിയ മൂന്നാമത്തെ വിക്കറ്റായിരുന്നു ഇത്. നേരത്തെ രാഹുലും രഹാനെയും കമിന്‍സിന്റെ ബൗണ്‍സറിലാണ് വീണത്.
മറുവശത്ത് പൂജാര സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയും ഇടയ്ക്കിടെ ബൗണ്ടറികളിലൂടെയും തന്റെ പതിനൊന്നാം ടെസ്റ്റ് സെഞ്ചുറി പൂര്‍ത്തിയാക്കി പൂജാര സാഹയെ കൂട്ടുപിടിച്ച് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യയെ 360 റണ്‍സിലെത്തിച്ചു. നാലാം ദിനം പൂജാര-സാഹ കൂട്ടുകെട്ടാകും കളിയുടെ ഗതി തീരുമാനിക്കുക. ഇരുവരും ചേര്‍ന്ന് ലീഡ് മറികടന്നാല്‍ ഇന്ത്യക്ക് ഭേദപ്പെട്ട ലീഡ് ഉറപ്പിക്കാനാവും. ഓസീസിനായി ആറുവര്‍ഷത്തിനുശേഷം ടീമില്‍ തിരിച്ചെത്തി കമിന്‍സ് നാലു വിക്കറ്റുമായി തിളങ്ങി.
