കോഴിക്കോട്: കോഴിക്കോട് ജില്ലാ മീറ്റില്‍ കിരീടം ചൂടിയാണ് പുല്ലൂരാമ്പാറ സെന്റ് ജോസഫ്‌സ് സ്കൂള്‍ സംസ്ഥാന സ്കൂള്‍ കായികമേളക്ക് ഒരുങ്ങുന്നത്.പൊടിയും ചരലും നിറഞ്ഞ മൈതാനത്ത് പരിശീലനം നടത്തിയാണ് രണ്ട് അന്താരാഷ്ട്ര താരങ്ങള്‍ ഉള്‍പ്പെടുന്ന പുല്ലൂരാമ്പാറ മീറ്റിന് തയ്യാറെടുക്കുന്നത്. മൂടല്‍ മഞ്ഞല്ല... കനത്ത പൊടി മണ്ണാണ്. ഇത് ശ്വസിച്ചാണ് ഈ കായിക താരങ്ങള്‍ സംസ്ഥാന സ്കൂള്‍ കായിക മേളക്കായുള്ള പരിശീലനം നടത്തുന്നത്.

പ്രതിബന്ധങ്ങള്‍ എന്തായാലും മികച്ച പ്രകടനമാണ് ലക്ഷ്യം. റവന്യൂ ജില്ല കായിക മേളയിലെ കിരിടത്തിന്റെ പിന്‍ബലത്തിലാണ് പൂല്ലൂരാമ്പാറ സ്കൂള്‍ സംസ്ഥാന സ്കൂള്‍ കായിക മേളക്കിറങ്ങുന്നത്.അന്താരാഷ്ട്ര താരങ്ങളായ അപര്‍ണ്ണ റോയ് ലിസ്ബത്ത് കരോളിന്‍ ജോസഫ് എന്നിവരുടെ പിന്‍ബലമാണ് ടീമിന്‍റെ കരുത്ത്.

സ്പ്രിന്റ് ഇനങ്ങളിലും ജംപ് ഇനങ്ങളിലും നടത്തത്തിലും പോള്‍വാള്‍ട്ടിലും ഹര്‍ഡിലിലുമാണ് മെഡല്‍ പ്രതീക്ഷ.കഴിഞ്ഞ സംസ്ഥാന മീറ്റിലും പുല്ലൂരാമ്പാറ മികച്ച പ്രകടനം നടത്തിയിരുന്നു. ഇത്തവണ 25 കായിക താരങ്ങളാണ് പുല്ലൂരാമ്പാറ സ്കൂളില്‍ നിന്ന് സംസ്ഥാന കായിക മേളയിലേക്ക് യോഗ്യത നേടിയത്.സബ് ജൂനിയര്‍ വിഭാഗത്തില്‍ മികവ് പ്രകടിപ്പിക്കുന്ന അ‍ഞ്ച് പേര്‍ ഇത്തവണ ടീമിലുണ്ട്. അതിനാല്‍ കൂടുതല്‍ മെഡല്‍ പ്രതീക്ഷ പുല്ലൂരാമ്പാറക്കുണ്ട്.