ഹൈദരാബാദ്: ബേസ്‌ലൈന്‍ വെഞ്ച്വേഴ്സുമായി മൂന്ന് വര്‍ഷത്തേക്ക് 50 കോടി രൂപയുടെ പരസ്യക്കരാര്‍ ഒപ്പിട്ടത്തിന് പിന്നാലെ ഇന്ത്യയുടെ ഒളിംപിക്സ് വെള്ളിമെഡല്‍ ജേതാവ് പി.വി.സിന്ധു പരസ്യങ്ങള്‍ സ്വീകരിക്കുന്നതില്‍ തന്റെ നയം പ്രഖ്യാപിച്ചു. പണത്തിനുവേണ്ടി മദ്യം, സിഗരറ്റ് തുടങ്ങിയ ആരോഗ്യത്തിന് ഹാനികരമായ ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങളില്‍ അഭിനയിക്കുകയോ പ്രമോട്ട് ചെയ്യുകയോ ചെയ്യില്ലെന്ന് സിന്ധു വ്യക്തമാക്കി. ഒളിംപിക്സിലെ തിളക്കമാര്‍ന്ന പ്രകടനത്തിലൂടെ രാജ്യത്തെ ലക്ഷക്കണക്കിന് കുരുന്നുകള്‍ക്ക് സിന്ധു മാതൃകയായി മാറിയിരുന്നു.
മദ്യത്തിനും സിഗരറ്റിനും പുറമെ കോള പരസ്യങ്ങളിലും സിന്ധു അഭിനയിച്ചേക്കില്ല. സമൂഹത്തിന്റെ നന്‍മകൂടി കണക്കിലെടുത്തേ സിന്ധു ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ എന്ന് ബേസ്‌ലൈന്‍ വെഞ്ച്വേഴ്സ് പ്രതിനിധി പറഞ്ഞു. 2001ല്‍ ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ കിരീടം നേടിയതിന് പിന്നാലെ കോക്ക കോള വാഗ്ദാനം ചെയ്ത പരസ്യക്കരാര്‍ സിന്ധുവിന്റെ പരിശീലകനായിരുന്ന പുല്ലേല ഗോപീചന്ദ് നിരസിച്ചത് വാര്‍ത്തയായിരുന്നു.
മുമ്പ് 20 കോടി രൂപയുടെ പരസ്യക്കരാറുമായി ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ഒരു പ്രമുഖ മദ്യക്കമ്പനി സമീപിച്ചെങ്കിലും സച്ചിന്‍ ഇത് നിരസിക്കുകയായിരുന്നു. പരസ്യങ്ങള്‍ സംബന്ധിച്ച് സച്ചിന്റെയും കോച്ച് ഗോപീചന്ദിന്റെയും വഴി തന്നെയാവും താനും തെരഞ്ഞെടുക്കകുക എന്നാണ് സിന്ധു ഇപ്പോള്‍ വ്യക്തമാക്കുന്നത്.
