ദില്ലി: കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സമര്‍പ്പിച്ച് ബാഡ്‌മിന്റണ്‍ താരം പി.വി.സിന്ധു. കിരീടം നേടിയശേഷം നടത്തിയ ട്വീറ്റിലാണ് സിന്ധു ഇക്കാര്യം വ്യക്തമാക്കിയത്. നമ്മുടെ പ്രിയപ്പെട്ട പ്രധാനമന്ത്രിയുടെ പിറന്നാള്‍ ദിനത്തില്‍, ഈ കിരീടം രാജ്യത്തിനായി അക്ഷീണവും നിസ്വാര്‍ഥവുമായി പ്രവര്‍ത്തിക്കുന്ന മോദിജിയ്ക്ക് സമര്‍പ്പിക്കുന്നുവെന്നായിരുന്നു സിന്ധുവിന്റെ ട്വീറ്റ്.
കൊറിയന്‍ ഓപ്പണ്‍ കിരീട നേട്ടത്തില്‍ പ്രധാനമന്ത്രി സിന്ധുവിനെ അഭിനന്ദിച്ചിരുന്നു. സിന്ധു രാജ്യത്തിന്റെ അഭിമാനമാണെന്നും കൊറിയന്‍ ഓപ്പണ്‍ കിരീടം നേടിയതില്‍ അഭിനന്ദിക്കുന്നുവെന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. ജപ്പാന്‍ താരം ഒക്കാഹുറയെ തോല്‍പ്പിച്ചാണ് സിന്ധു കൊറിയന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായത്.
കഴിഞ്ഞ മാസം നടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ ഒക്കാഹുറ സിന്ധുവിനെ തോല്‍പ്പിച്ച് കിരീടം നേടിയിരുന്നു. ഇതിനുള്ള മധുരപ്രതികാരം കൂടിയായിരുന്നു സിന്ധുവിന്റെ വിജയം.
