റിയോയിൽ രാജ്യത്തിന്റെ അഭിമാനമുയ‍ർത്തിയ കായികതാരമാണ് പി വി സിന്ധു. പൊതുവെ ഇന്ത്യയുടെ മോശം പ്രകടനത്തിനിടയിൽ റിയോയിൽ ആശ്വാസമായത് സിന്ധുവിന്റെ വെള്ളിത്തിളക്കമാണ്. അന്ന് സിന്ധുവിന്റെ മെഡൽനേട്ടത്തോടെ പരിശീലകൻ ഗോപിചന്ദും ശ്രദ്ധിക്കപ്പെട്ടു. ഗോപിചന്ദിന്റെ ചിട്ടയായ പരിശീലനമുറകളാണ് സിന്ധുവിനെ ബാഡ്‌മിന്റണിലെ ലോകത്തെ തന്നെ ഏറ്റവും മികച്ച താരങ്ങളിലൊരാളാക്കി മാറ്റിയത്. ഇപ്പോഴിതാ, അധ്യാപികദിനത്തിൽ തന്റെ പരിശീലകനെക്കുറിച്ച് സിന്ധു തുറന്നുപറയുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. ആദ്യമായി പരിശീലനത്തിന് എത്തിയപ്പോൾ ഫുട്ബോൾ കളിച്ചായിരുന്നു പരിശീലനം. കായികക്ഷമത ഉയര്‍ത്തുന്നതിനുവേണ്ടിയായിരുന്നു അത്. ആദ്യമായി ഫുട്ബോൾ തട്ടിയപ്പോൾത്തന്നെ പിന്നിൽനിന്ന് ആ ശബ്ദം ഉയ‍ർന്നു. പന്ത് തട്ടേണ്ടതില്ലെന്നും മൈതാനത്തിന് ചുറ്റും ഓടാനുമായിരുന്നു നിർദ്ദേശം. ഏകദേശം മുക്കാൽമണിക്കൂറോളം ഓടിത്തള‍ർന്നു. വീണ്ടും പന്തു തട്ടാൻ വന്നപ്പോൾ, ഇങ്ങനെ പന്ത് തട്ടിയാൽ ജീവിതത്തിലൊരിക്കലും നന്നാകില്ലെന്ന് അദ്ദേഹം മുഖത്തുനോക്കി പറഞ്ഞു. അത്രയും കാർക്കശ്യത്തോടെയാണ് തന്റെ പരിശീലകൻ ഇടപെട്ടതെന്ന് സിന്ധു പറയുന്നു. അദ്ദേഹത്തിന്റെ കാർക്കശ്യം കാരണം എന്റെ മനസിൽ വല്ലാത്ത വെറുപ്പായിരുന്നു. എപ്പോഴും അയാളിൽനിന്ന് അകന്നിരിക്കാൻ ആഗ്രഹിച്ചു. മൊബൈൽ ഫോൺ ഉപയോഗിക്കാനോ ഇഷ്‌ടപ്പെട്ട ഐസ്‌ക്രീമോ മറ്റോ കഴിക്കുന്നതിനോ അനുവാദമില്ലായിരുന്നു. ശരിക്കും ജീവിതം വെറുത്തുപോയി. ഈ ലോകത്ത് ഏറ്റവുമധികം വെറുക്കുന്ന വ്യക്തി നിങ്ങളാണെന്ന് മുഖത്തുനോക്കി പറയണമെന്ന് പോലും ആഗ്രഹിച്ചിരുന്നു. ഒരു മികച്ച പരിശീലകൻ ഒരിക്കലും ഒരു നല്ല സുഹൃത്താകില്ല. എപ്പോഴും ഓരോന്ന് ആജ്ഞാപിച്ചുകൊണ്ട് ഒരു ശല്യമായി അയാള്‍ പിന്നാലെ ഉണ്ടായിരുന്നുവെന്നും പി വി സിന്ധു പറയുന്നു.