കുല്‍ദീപ് തീര്‍ച്ചയായും മികച്ച ബൗളറാണ്. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ന് കളിക്കുന്നവരില്‍ ഏറ്റവും മികച്ച ഓഫ് സ്പിന്നര്‍ അശ്വിന്‍ തന്നെയാണ്. അശ്വിന്റെ കരിയറിലെ കണക്കുകള്‍ തന്നെയാണ് ഇതിന് വലിയ തെളിവ്.

ദില്ലി: വിദേശ പരമ്പരകളില്‍ കുല്‍ദീപ് യാദവാണ് ഇന്ത്യയുടെ ഒന്നാം നമ്പര്‍ സ്പിന്നറെന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് രവി ശാസ്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍. ടെസ്റ്റ് ക്രിക്കറ്റിലെ നിലവിലെ ഓഫ് സ്പിന്നര്‍മാരെ എടുത്താല്‍ അശ്വിന്‍ തന്നെയാണ് ഏറ്റവും മികച്ചവനെന്ന് ടൈംസ് ഓഫ് ഇന്ത്യക്ക് അനുവദിച്ച അഭിമുഖത്തില്‍ മുരധീധരന്‍ പറഞ്ഞു.

ഓസ്ട്രേലിയയുടെ നേഥന്‍ ലിയോണും ഇംഗ്ലണ്ടിന്റെ മോയിന്‍ അലിയും അശ്വിനേക്കാള്‍ ഏറെ പിന്നിലാണെന്നും മുരളി പറഞ്ഞു. കുല്‍ദീപ് യാദവാകും ഇന്ത്യയുടെ ഒന്നാം നമ്പര്‍ സ്പിന്നറെന്ന ശാസ്ത്രിയുടെ പ്രസ്താവനയില്‍ തനിക്ക് അഭിപ്രായം പറയാനാകില്ലെന്നും അത് ടീം മാനേജ്മെന്റിന്റെ തീരുമാനമാണെന്നും മുരളി പറഞ്ഞു. കുല്‍ദീപ് തീര്‍ച്ചയായും മികച്ച ബൗളറാണ്. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ന് കളിക്കുന്നവരില്‍ ഏറ്റവും മികച്ച ഓഫ് സ്പിന്നര്‍ അശ്വിന്‍ തന്നെയാണ്. അശ്വിന്റെ കരിയറിലെ കണക്കുകള്‍ തന്നെയാണ് ഇതിന് വലിയ തെളിവ്.

ലിയോണ്‍ 86 ടെസ്റ്റില്‍ നിന്ന് 343 വിക്കറ്റും മോയിന്‍ അലി 57 ടെസ്റ്റില്‍ നിന്ന് 170 വിക്കറ്റും നേടിയപ്പോള്‍ 65 ടെസ്റ്റില്‍ നിന്നാണ് അശ്വിന്‍ 342 വിക്കറ്റുകള്‍ വീഴ്ത്തിയത്. അശ്വിന്റെ വിക്കറ്റ് നേട്ടം കൂടുതലും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലാണെന്ന വാദത്തോടും യോജിക്കുന്നില്ല. കൂടുതല്‍ കളിക്കുന്നത് എവിടെയാണോ അവിടെ നിന്നായിരിക്കും സ്വാഭാവികമായും കൂടുതല്‍ വിക്കറ്റുകളും ലഭിക്കുക.

തന്റെ കരിയറില്‍ നേടിയ 800 വിക്കറ്റകളില്‍ 500ല്‍ കൂടുതല്‍ വിക്കറ്റുകളും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പിച്ചുകളില്‍ നിന്നായിരുന്നുവെന്നും മുരളി പറഞ്ഞു. ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ആദ്യ ടെസ്റ്റില്‍ മാത്രമാണ് അശ്വിന് കളിക്കാന്‍ കഴിഞ്ഞത്. പരിക്കുമൂലം പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമായപ്പോള്‍ അവസാന ടെസ്റ്റില്‍ മാത്രം കളിച്ച കുല്‍ദീപ് യാദവ് അഞ്ച് വിക്കറ്റുമായി തിളങ്ങിയിരുന്നു.