ന്യൂയോര്‍ക്ക്: കൂറ്റന്‍ സര്‍വിന് പേരുകേട്ട കെവിന്‍ ആന്‍ഡേഴ്‌സണും നദാലിനെ വിറപ്പിക്കാനായില്ല. ദക്ഷിണാഫ്രിക്കയുടെ ആന്‍ഡേഴ്സണെ നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കി ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍ യുഎസ് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ടു. നദാലിന്റെ കരിയറിലെ പതിനാറാം ഗ്രാന്‍സ്ലാം കിരീട നേട്ടമാണിത്. സ്കോര്‍ 6-3. 6-3, 6-4.
സെമിയില്‍ ദെല്‍പൊട്രോയെ തോല്‍പ്പിച്ചത് ആദ്യ സെറ്റ് നഷ്‌ടപ്പെട്ട ശേഷം തിരിച്ചുവന്നാണെങ്കില്‍ ഇക്കുറി അതില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട പോലായിരുന്നു നദാലിന്റെ കളി. മിന്നുന്ന ഫോം പുറത്തെടുത്ത നദാല്‍ ആദ്യ സെറ്റ് 6-3ന് നേടി. രണ്ടാം സെറ്റിലും എതിരാളിയെ നിഷ്പ്രഭനാക്കിയ നദാലിനെതിരെ മൂന്നാം സെറ്റില്‍ മാത്രമാണ് അല്‍പമെങ്കിലും പൊരുതാന്‍ ആന്‍ഡേഴ്‌സനായത്.
ജയത്തോടെ കരിയറില്‍ പതിനാറ് ഗ്രാന്‍സ്ലാം എന്ന നേട്ടവും റാഫേല്‍ നദാല്‍ കൈവരിച്ചു. യുഎസ് ഓപ്പണില്‍ മൂന്നാം കിരീടം എന്ന നേട്ടവും. നേരത്തെ ഫ്രഞ്ച് ഓപ്പണില്‍ ചാമ്പ്യനായ നദാലിന്റെ ഈ വര്‍ഷത്തെ രണ്ടാം ഗ്ലാന്‍സ്ലാം കിരീടമാണ് ഇത്. യുഎസ് ഓപ്പണ്‍ തുടങ്ങും മുമ്പ് ലോക ഒന്നാം നമ്പര്‍ പദവിയിലേക്ക് തിരിച്ചെത്തിയ നദാല്‍ പദവിക്കൊത്ത പ്രകടനം തന്നെയാണ് പുറത്തെടുത്തത്.
ഫൈനലില്‍ നദാല്‍-ഫെഡറര്‍ പോരാട്ടം പ്രതീക്ഷിച്ചവരുടെ കണക്കുകൂട്ടല്‍ തെറ്റിച്ച് ഫെഡറര്‍ ഇടയ്‌ക്ക് വീണെങ്കിലും സ്‌പാനിഷ് താരം കീഴടങ്ങാന്‍ തയ്യാറായിരുന്നില്ല.
