ബ്രിസ്ബെയ്ന്‍: ബ്രിസ്ബെയ്ൻ ഇന്‍റർനാഷണൽ ടെന്നിസ് ടുർണമെന്‍റില്‍ നിന്ന് ലോക രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാല്‍ പിന്‍മാറി. ഇടത് തുടയ്ക്കേറ്റ പരുക്ക് ഭേദമാകാത്തതിനെ തുടര്‍ന്നാണ് താരത്തിന്‍റെ പിന്‍മാറ്റം. രണ്ടാം റൗണ്ടില്‍ ഫ്രഞ്ച് താരം ജോ വില്‍ഫ്രഡിനെതിരെ വ്യാഴാഴ്‌ച മത്സരം നടക്കാനിരിക്കേയാണ് താരം മടങ്ങുന്നത്.

എംആര്‍ഐ സ്‌കാനില്‍ പ്രശ്‌നങ്ങള്‍ കണ്ടതുകൊണ്ടാണ് പിന്‍മാറുന്നതെന്നും ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കാന്‍ കഴിയുമെന്നും നദാല്‍ പറഞ്ഞു. സെപ്റ്റംബറില്‍ യു എസ് ഓപ്പണില്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയ്ക്കെതിരായ സെമിക്കിടയില്‍ കാല്‍മുട്ടിന് പരുക്കേറ്റ നദാലിന് പിന്നീട് മേജര്‍ ടൂര്‍ണമെന്‍റില്‍ കളിക്കാനായിട്ടില്ല. മുപ്പത്തിരണ്ടുകാരനായ താരം നവംബറില്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.