ചെന്നൈയിന്‍ എഫ്‌സിയുടെ രണ്ടാം കിക്കെടുത്ത റാഫിക്ക് പിഴച്ചു.

ഭുവനേശ്വര്‍: സൂപ്പര്‍ കപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ കണ്ണീരായി മുഹമ്മദ് റാഫി. ഐഎസ്എല്‍ ചാംപ്യന്മാരായ ചെന്നൈയിന്‍ എഫ്‌സി - ഐസ്വാള്‍ മത്സരത്തില്‍ ചെന്നൈയിന്റെ തോല്‍വിക്ക് കാരണമായത് റാഫിയുടെ പെനാല്‍റ്റി. നിശ്ചിത സമയത്തും അധിക സമയത്തും മത്സരം 2-2 സമനിലയില്‍ അവസാനിച്ചപ്പോള്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. 

ആദ്യ രണ്ട് കിക്കും ഐസ്വാള്‍ താരങ്ങള്‍ വലയിലാക്കി. എന്നാല്‍ ചെന്നൈയിന്‍ എഫ്‌സിയുടെ രണ്ടാം കിക്കെടുത്ത റാഫിക്ക് പിഴച്ചു. റാഫിയെടുത്ത കിക്ക് ബാറിന് മുകളിലൂടെ പറന്നു. പിന്നീട് ഐസ്വാള്‍ താരങ്ങള്‍ പന്ത് വലയിലെത്തിച്ചതോടെ ചെന്നൈയിന്‍ പുറത്തേക്ക്. റാഫിക്ക് ഒരിക്കലും നല്ല ദിവസമായിരുന്നില്ല ഇന്നത്തേത്. മത്സരത്തില്‍ സുവര്‍ണാവസരങ്ങളും തൃക്കരിപ്പൂരുകാരന്‍ നഷ്ടപ്പെടുത്തിയിരുന്നു.

നേരത്തെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന് വേണ്ടി ഫൈനല്‍ കളിക്കാനുള്ള അവസരം താരത്തിന് നഷ്ടമായിരുന്നു. മൂന്ന് ഫൈനലിന്റെ ഭാഗമാവുകയെന്ന് അപൂര്‍വ നേട്ടമാണ് റാഫിക്ക് നഷ്ടമായിരുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ താരമായിരുന്ന റാഫി ഈ സീസണിലാണ് ചെന്നൈയിനിലെത്തിയത്.