ഹൈദരാബാദ്: വെറും 20 ലക്ഷം രൂപ അടിസ്ഥാനവിലയുണ്ടായിരുന്ന മുഹമ്മദ് സിറാജിനെ ഐപിഎല്‍ താരലേലത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് 2.6 കോടി രൂപ നല്‍കി സ്വന്തമാക്കിയപ്പോള്‍ അമ്പരന്നത് ക്രിക്കറ്റ് ലോകമായിരുന്നു. ഇഷാന്ത് ശര്‍മയെയും ഇര്‍ഫാന്‍ പത്താനെയും പോലുള്ള പരചിയസമ്പന്നര്‍ പോലും ഐപിഎല്‍ ലേലത്തിലെ മുടക്കാചരക്കുകളായപ്പോള്‍ ഇത്രയും തുക നല്‍കി സ്വന്തമാക്കാന്‍ ആരാണ് മുഹമ്മദ് സിറാജ് എന്നായിരുന്നു ചോദ്യം. അതിന് ഉത്തരം ലഭിക്കുന്നതിന് മുമ്പ് ഒന്നുമില്ലായ്മയില്‍ നിന്ന് നേട്ടത്തിന്റെ പടവുകള്‍ ഒന്നൊന്നായി താണ്ടിയ സിറാജിന്റെ ക്രിക്കറ്റ് കരിയറിനെക്കുറിച്ച് അറിയണം.

500 രൂപയാണ് ക്രിക്കറ്റില്‍ നിന്ന് എനിക്ക് ആദ്യമായി ലഭിച്ച പ്രതിഫലം. അമ്മാവന്‍ നയിച്ച ടീമില്‍ കളിച്ച ഞാന്‍ 20 റണ്‍സ് വിട്ടുകൊടുത്ത് എതിരാളികളുടെ ഒമ്പതു വിക്കറ്റുകള്‍ എറിഞ്ഞിട്ടതിന് ലഭിച്ച പ്രതിഫലമായിരുന്നു അത്. ടീം ജയിച്ചതില്‍ ഏറെ സന്തോഷിച്ച അമ്മാവനാണ് 500 രൂപ പ്രതിഫലമായി എനിക്ക് നല്‍കിയത്. ഇന്നത് 2.6 കോടി രൂപയായി എന്നത് എനിക്ക് സ്വപ്നംപോലും കാണാന്‍ പറ്റാത്ത കാര്യമാണ്. ഇതിലേക്ക് എന്നെ എത്തിച്ചത് എന്റെ കുടുംബമാണ്. ഓട്ടോറിക്ഷാ ഡ്രൈവറായ അച്ഛന്‍ യാതൊരു ബുദ്ധിമുട്ടും അറിയിക്കാതെയാണ് എന്നെയും സഹോദരങ്ങളെയും വളര്‍ത്തിയത്.

എല്ലാവരെയുംപോലെ ടെന്നീസ് ബോള്‍ ക്രിക്കറ്റിലാണ് ഞാനും കളി തുടങ്ങിയത്. ബൗളിംഗിന്റെ പാഠങ്ങള്‍ പറഞ്ഞുതരാനൊന്നും ആരുമില്ലായിരുന്നു. എല്ലാം ഞാന്‍ സ്വയം പഠിക്കുകയായിരുന്നു. ആദ്യം ഹൈദരാബാദ് അണ്ടര്‍ 22 ടീമിന്റെ ഭാഗമായി മുഷ്താഖ് അലി, വിജയ് ഹസാരെ ട്രോഫികളിലും പിന്നീട് ഹൈദരാബാദ് രഞ്ജി ടീമിലും കളിച്ചു. ഇപ്പോഴിതാ ഐപിഎല്ലിലും. ഇനി ദേശീയ ടീം അതാണ് എന്റെ ലക്ഷ്യം. ഐപിഎല്ലില്‍ ഡേവിഡ് വാര്‍ണറയെും വിവിഎസ് ലക്ഷ്മണെയും പോലുള്ള താരങ്ങള്‍ക്കൊപ്പം ഡ്രസ്സിംഗ് റൂം പങ്കിടാന്‍ കഴിയുന്നതുതന്നെ വലിയ അനുഭവമാണ്. ഇപ്പോള്‍ കിട്ടിയ പണം കൊണ്ട് അച്ഛന്‍ മുഹമ്മദ് ഗൗസിനും അമ്മ ഷബാന ബീഗത്തിനും ഹൈദരാബാദില്‍ നല്ലൊരു വീട് വാങ്ങിക്കണമെന്നതാണ് ആഗ്രഹമെന്നും സിറാജ് പറയുന്നു. 11 ഫസ്റ്റ്ക്ലാസ് മത്സരങ്ങളില്‍ 44 വിക്കറ്റാണ് വലംകൈയന്‍ പേസ് ബൗളറായ സിറാജിന്റെ സമ്പാദ്യം. 10 ട്വന്റി-20 മത്സരങ്ങളില്‍ നിന്നായി 16 വിക്കറ്റുകളും സിറാജിന്റെ പേരിലുണ്ട്.