ബാര്‍ബഡോസ്: ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്കെതിരെ വെസ്റ്റ് ഇന്‍ഡീസിന് 311 റണ്‍സിന്റെ വിജയലക്ഷ്യം. മഴമൂലം 43 ഓവര്‍ വീതമാക്കി കുറച്ച മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ക്രീസിലിറങ്ങിയ ഇന്ത്യ അജിങ്ക്യാ രഹാനെയുടെ സെഞ്ചുറിയുടെയും ക്യാപ്റ്റന്‍ വിരാട് കോലി, ശീഖര്‍ ധവാന്‍ എന്നിവരുടെ അര്‍ധസെഞ്ചുറികളുടെയും മികവില്‍ 43 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സെടുത്തു.
ധവാനും രഹാനെയും ചേര്‍ന്ന് ഒരിക്കല്‍ കൂടി സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യക്ക് മികച്ച തുടക്കമിട്ടു. ടീം സ്കോര്‍ 114ല്‍ നില്‍ക്കെ 59 പന്തില്‍ 63 റണ്‍സെടുത്ത ധവാന്‍ വീണു. പിന്നീട് ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പം 97 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയ രഹാനെ 102 പന്തില്‍ തന്റെ മൂന്നാം ഏകദിന സെഞ്ചുറി തികച്ചു. സെഞ്ചുറി നേടിയതിന് തൊട്ടുപിന്നാലെ രഹാനെ വീണു.
യുവരാജിന് മുമ്പെ എത്തിയ ഹര്‍ദ്ദീക് പാണ്ഡ്യയും(4), യുവരാജ് സിംഗും(14) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. 66 പന്തില്‍ 87 റണ്‍സടിച്ച ക്യാപ്റ്റന്‍ കോലി അവസാന ഓവറുകളില്‍ റണ്‍നിരക്കുയര്‍ത്താനുള്ള സമ്മര്‍ദ്ദത്തില്‍ പുറത്തായി. 13 പന്തില്‍ 13 റണ്ണുമായി ധോണിയും ആറ് പന്തില്‍ 13 റണ്ണുമായി കേദാര്‍ ജാദവും ചേര്‍ന്നാണ് ഇന്ത്യയെ 300 കടത്തിയത്. വിന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ എറിഞ്ഞ അവസാന ഓവറില്‍ മൂന്ന് നോബോള്‍ അടക്കം 22 റണ്‍സ് വഴങ്ങി.
