മുംബൈ: ഇന്ത്യ എ ടീമിന്‍റെയും അണ്ടര്‍ 19 ടീമിന്‍റെ പരിശീലകനായുള്ള കരാര്‍ രണ്ടു വര്‍ഷത്തേക്ക് കൂടി നീട്ടിക്കൊടുത്ത ബിസിസിഐ ഇന്ത്യയുടെ മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡിന്‍റെ ശമ്പളം 100 ശതമാനം വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ രണ്ടാഴ്ച നടന്ന ചര്‍ച്ചയ്‌ക്കൊടുവില്‍ ദ്രാവിഡിന് അഞ്ചു കോടി നല്‍കാന്‍ ബിസിസിഐ സമ്മതിച്ചതായി ഒരു ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഐപിഎല്‍ കൂടി ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ സുപ്രീംകോടതി നിര്‍ദേശിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ ഇന്ത്യയുടെ എല്ലാ പരിശീലകരുടേയും സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളുടെയും കരാര്‍ 12 മാസമാക്കി മാറ്റിയിരുന്നു. നേരത്തേ ഇന്ത്യന്‍ ബോര്‍ഡ് പരിശീലകര്‍ക്ക് 10 മാസത്തെ കരാറും ഐപിഎല്ലിന്റെ ഭാഗമാകാനും അനുവദിച്ചിരുന്നു. എന്നാല്‍ ഇതിനെയെല്ലാം മറികടന്നാണ് ദ്രാവിഡിന് രണ്ടു വര്‍ഷ കരാര്‍ നല്‍കിയിരിക്കുന്നത്. 

പരിശീലകനായി തുടരാനുള്ള ആഗ്രഹം ദ്രാവിഡ് ബിസിസിഐയ്ക്ക് മുന്നില്‍ നേരത്തേ തന്നെ വെച്ചിരുന്നു. ഇതേ തുടര്‍ന്ന് മാധ്യമങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കരുതെന്നും കമന്ററിക്കാരനാകരുതെന്നുമുള്ള വ്യവസ്ഥയില്‍ രാഹുലിന്റെ അപേക്ഷ വീണ്ടും പരിഗണിക്കുകയായിരുന്നു. ബോര്‍ഡിന്‍റെ വെബ്‌സൈറ്റില്‍ പറഞ്ഞിരുന്ന ശമ്പളം സംബന്ധിച്ച ഡീറ്റെയ്‌ലില്‍ 2.62 കോടിയായിരുന്നു പറഞ്ഞിരുന്നത്. 

കരാറിലെ രണ്ടാം ഘട്ട തുകയായ 1.3 കോടി ഏപ്രില്‍ 2 നായിരുന്നു നല്‍കിയത്. ഇതിന് പിന്നാലെയാണ് ദ്രാവിഡ് പരിശീലകനായി തുടരും എന്ന് ബിസിസിഐ പ്രഖ്യാപിച്ചത്. ഇന്ത്യ എ ടീമും അണ്ടര്‍ 19 ടീമും ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ഒരുങ്ങുമ്പോള്‍ എ ടീമിനൊപ്പമാകും ദ്രാവിഡ് പോകുക. ഓസ്ട്രലിയന്‍ എ ടീം കൂടി ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കായി ജൂലൈ ആദ്യമാണ് എ ടീം പോകുക. അതിന് ശേഷം ന്യുസിലന്‍റുമായും പരമ്പരയുണ്ട്.

ജൂലൈ 19 മുതല്‍ അണ്ടര്‍ 19 ടീം ഇംഗ്‌ളണ്ടിലേക്കാണ് ടൂര്‍ ഫിക്‌സ് ചെയ്തിരിക്കുന്നത്. രാഹുലിന്‍റെ സാന്നിദ്ധ്യം അണ്ടര്‍ 19 ടീമിന് ഒക്‌ടോബര്‍ മുതലാകും കിട്ടി തുടങ്ങുക. അടുത്ത വര്‍ഷമാണ് അണ്ടര്‍ 19 ലോകകപ്പ് നടക്കുന്നത്. കളിക്കാരുമായി താരത്തിന് നാലു മാസത്തെ സമയം കിട്ടും. ദ്രാവിഡിന് പകരം അണ്ടര്‍ 19 ടീമിനൊപ്പം വിടാന്‍ ഫീല്‍ഡിംഗ് കോച്ച് അഭയ് ശര്‍മ്മയെ കൊണ്ടുവരാന്‍ ബിസിസിഐയ്ക്ക് ആലോചന ഉണ്ട്. പരസ് മാംബ്രയെ ബൗളിംഗ് കോച്ചായി നില നിര്‍ത്താനും ഉദ്ദേശമുണ്ട്.